
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെ ഇന്നും കോടതിയില്‍ ഹാജരാക്കി. മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഗ്രോ വാസു പോലീസ് വാഹനത്തില്‍ നിന്നിറങ്ങി കോടതി വരാന്തയില്‍ കയറിയത്. 'പശ്ചിമഘട്ട കൊലയാളികളെ അറസ്റ്റു ചെയ്യുക, ഇക്വിലാബ് സിന്ദാബാദ്, പശ്്ചിമഘട്ട കൊലയാളികള്‍ മൂര്‍ദ്ദാബാദ്' വിളിയുമായാണ് ഗ്രോ വാസു പോലീസ് വാഹനത്തില്‍ നിന്നിറങ്ങിയത്.
നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സൂക്ഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിക്കു മുന്നില്‍ റോഡ് തടസ്സപ്പെടുത്തി നിന്നുവെന്ന് കേസിലാണ് ഗ്രോ വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമെടുക്കാനോ പിഴ അടയ്ക്കാനോ ഗ്രോ വാസു തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒന്നരമാസമായി അദ്ദേഹം ജയിലിലാണ്.
കഴിഞ്ഞ തവണ കോടതിയില്‍ നിന്ന് മടങ്ങുന്നതിനിടെ മുദ്രാവാക്യം വിളിച്ചതില്‍ പോലീസിനെ കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ വിചാരണ തുടരുകയാണ്. കഴിഞ്ഞ ദിവസം വിസ്താരത്തിനിടെ പ്രോസിക്യൂഷന് സാക്ഷി കൂറുമാറിയിരുന്നു.






