
അജ്ഞാത ഫോണ്‍ കോളുകള്‍ നടത്തി ആളുകളെ പറ്റിക്കുന്ന ഒരുപാട് സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ചിലര്‍ മനഃപൂര്‍വ്വമായി കഥകള്‍ കെട്ടിച്ചമച്ച് മറ്റുള്ളവരെ പറ്റിക്കാറുണ്ട്. എന്നാല്‍ മറ്റ് ചിലത് ഊഹാപോഹങ്ങളുടെ പേരില്‍ നടക്കുന്ന ചില തെറ്റ്ദ്ധാരണകളാണ്. സമാനമായി കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ലിങ്കണ്‍ഷെയറിലെ ചാപ്പല്‍ സെന്റ് ലിയോനാര്‍ഡിലെ നോര്‍ത്ത് സീ ഒബ്സര്‍വേറ്ററില്‍ പോലീസുകാര്‍ക്ക് സംഭവിച്ചത്. കൊലപതാകം നടക്കുന്നു എന്ന പേരിലുള്ള ഒരു അജ്ഞാത സന്ദേശത്തെത്തുടര്‍ന്നാണ് പോലീസുകാര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ സ്ഥലത്തെത്തിയ പോലീസിന് ആശ്വാസ വാര്‍ത്തയാണ് ലഭിച്ചത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു അജ്ഞാതന്റെ ഫോണ്‍ കോള്‍ പോലീസ് ഉദ്യോഗസ്ഥരെ തേടിയെത്തി. ഫോണില്‍ വിളിച്ച് പറഞ്ഞയാള്‍ അറിയിച്ചത്, സമീപത്തെ ഒരു കമ്മ്യൂണിറ്റി പ്രദേശത്ത് 'ആചാരപരമായ കൂട്ട കൊലപാതകം' നടന്നെന്നായിരുന്നു. ഫോണ്‍ സന്ദേശം ലഭിച്ച പോലീസ് ഉടനടി സര്‍വ്വ സന്നാഹങ്ങളുമായി പ്രദേശത്തേക്ക് കുതിച്ചു. അമേരിക്കയിലും മറ്റും ഇന്ന് പതിവ് സംഭവമായ കൂട്ടക്കൊലപാതകമാണോ അതോ, ഏതെങ്കിലും പ്രാദേശിക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആചാരപരമായ കൂട്ടക്കൊലയാണോയെന്ന സംശയത്തിലായിരുന്നു പോലീസ്. എന്നാല്‍, സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പോലീസിന് ശ്വാസം നേരെ വീണത്. പ്രദേശത്തെ യോഗ സെന്ററായിരുന്നു അത്. അവിടെ രാവിലത്തെ യോഗ സെഷനിലെത്തിയവര്‍ 'ശവാസന'ത്തില്‍ കിടക്കുന്നത് വൈകീട്ട് നടക്കാനിറങ്ങിയവര്‍ തെറ്റിദ്ധരിച്ചതാണ് അത്തരമൊരു ഫോണ്‍ കോളിന് കാരണമായത്.
യോഗ ക്ലാസുകളില്‍ ഏറ്റവും ഒടുവില്‍ ചെയ്യുന്ന ഒരു ആസനമാണ് 'ശവാസനം'. മറ്റ് ആസനങ്ങള്‍ ചെയ്ത ശേഷം ശരീരത്തിനെയും മനസിനെയും നിയന്ത്രിക്കുന്നതിന് ശ്വാസോച്ഛ്വാസം മാത്രം ശ്രദ്ധിച്ച്, കണ്ണുകള്‍ അടച്ച് നിശ്ചലമായി നീണ്ട് നിവര്‍ന്ന് മലര്‍ന്ന് കിടക്കുന്നതാണ് ശവാസനം. ഈ സമയം ശ്വസോച്ഛ്വാസത്തില്‍ മാത്രമാകും ശ്രദ്ധ. എല്ലാവരും സുരക്ഷിതരാണെന്നും ആരോഗ്യവാനാണെന്നും ലിങ്കണ്‍ഷയര്‍ പോലീസ് പിന്നീട് പറഞ്ഞു. ഒപ്പം സദുദ്ദേശ്യപരമായ ആശങ്കകളോടെയാണ് കോള്‍ ചെയ്തതെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ താന്‍ ഒരു 'കൂട്ടക്കൊലയാളി' ആണെന്ന റിപ്പോര്‍ട്ടുകള്‍ 'ആദ്യം തമാശ' ആണെന്നാണ് കരുതിയിരുന്നതെന്ന് 22 -കാരിയും യോഗാധ്യാപികയുമായ മില്ലി ലോസ്, വെളിപ്പെടുത്തി. ലിങ്കണ്‍ഷയറിലെ സീസ്കേപ്പ് കഫേയിലെ ഏഴ് വിദ്യാര്‍ത്ഥികളെ താന്‍ യോഗ പഠിപ്പിക്കുന്നുണ്ടെന്നും സംഭവ ദിവസം യോഗാ ക്ലാസിനിടെ നടക്കാനിറങ്ങിയ രണ്ട് പേര് കെട്ടിടത്തിന്റെ ഗ്ലാസിലൂടെ യോഗാ ക്ലാസിലേക്ക് നോക്കുന്നത് താന്‍ കണ്ടിരുന്നെന്നും എന്നാല്‍, അത് ഇത്രവലിയൊരു പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് മില്ലി പറഞ്ഞത്.
'വിദ്യാര്‍ത്ഥികള്‍ മേല്‍ പുതപ്പുമായി കിടക്കുകയായിരുന്നു. അവരുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. അവിടെ നല്ല ഇരുട്ടാണ്. ചുറ്റും ചില മെഴുകുതിരികളും ചെറിയ വിളക്കുകളും തെളിഞ്ഞിട്ടുണ്ടായിരുന്നു. മുറി മുഴുവന്‍ വിളക്കുകളാല്‍ പ്രകാശിച്ചിരുന്നു. ഇതിനിടയിലൂടെ ഞാന്‍ ചെറിയ ഡ്രം വായിച്ച് നടക്കുകയായിരുന്നു.' അവള് പറഞ്ഞു. 'ഈ സമയം കുറച്ച് നായകളുമായി നടക്കാനിറങ്ങിയ ദമ്പതികള്‍ ജനാലയ്ക്കരികില്‍ വന്ന് ഉള്ളിലേക്ക് നോക്കുന്നുണ്ടായിരുന്നു. പിന്നീട്, അവര്‍ വളരെ വേഗത്തില്‍ നടന്നുപോയി. ഞാന്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല. അവിടെ നിന്ന് പോയ ശേഷം അവര്‍ പോലീസില്‍ 'ആചാരപരമായ കൂട്ടക്കൊല' നടന്നെന്ന് പരാതിപ്പെട്ടത് ഞാന്‍ അറിഞ്ഞതേയില്ല. അവര്‍ കണ്ട കാഴ്ച ചിലപ്പോള്‍ അവരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകും. തറയില്‍ നീണ്ട് നിവര്‍ന്ന് കിടന്നവര്‍ മരിച്ചെന്ന് തെറ്റിദ്ധരിച്ച് കാണും. എന്താണ് സംഭവിക്കുന്നതെന്ന അവരുടെ ചിന്ത കാടുകയറിയതാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.' മില്ലി ലോസ് ബിബിസിയോട് വ്യക്തമാക്കി.






