
സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിന് ശേഷം വീണ്ടും ബിജെപിയ്ക്കെതിരേ ആഞ്ഞടിച്ച് തമിഴ്നാട് മന്ത്രി ഉദയാനിധി സ്റ്റാലിന്. ബിജെപി 'വിഷപ്പാമ്പ്' എന്ന് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. തമിഴ്നാട്ടിലെ നെയ്വേലിയില് ഡിഎംകെ എംഎല്‍എ സഭാ രാജേന്ദ്രന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇന്നലെയാണ് ഈ പ്രസ്താവന നടത്തിയത്.
പാമ്പുകള്‍ വസിക്കുന്ന മാലിന്യക്കൂമ്പാരമെന്ന് എഐഎഡിഎംകെ യെയും പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പിനോട് ഉപമിച്ച് ഡിഎംകെയുടെ ലോക്സഭാ എംപിയും പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജ വിമര്‍ശിച്ചതിന് പിന്നാലെയാണ് ബിജെപിയെ വിഷപ്പാമ്പിനോട് ഉപമിന്ച്ച ഉദയാനിധി സ്റ്റാലിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്.
''വിഷപ്പാമ്പ് നിങ്ങളുടെ വീട്ടില്‍ കയറിയാല്‍ അതിനെ ദൂരേയ്ക്ക് ഓടിക്കുകയാണ് ചെയ്യേണ്ടത്. അങ്ങിനെ ചെയ്തില്ലെങ്കില്‍ അത് വീടിനടുത്തുള്ള ചപ്പുകൂനയിലും ചവറിനുള്ളിലുമെല്ലാം ഒളിച്ചിരിക്കും. നിങ്ങള്‍ അത്തരം മാലിന്യങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റിയില്ലെങ്കില്‍ അത് വീണ്ടും വീട്ടില്‍ തിരിച്ചുവരും.''
''നിലവിലെ സാഹചര്യത്തില്‍ തമിഴ്നാടിനെ നമ്മുടെ വീടായി പരിഗണിക്കാം. വിഷപ്പാമ്പെന്ന് പറയുന്നത് ബിജെപിയാണ്. വീടിനടുത്ത് കാണുന്ന മാലിന്യകുപ്പ് എന്നാല്‍ എഐഎഡിഎംകെയാണ്. നിങ്ങള്‍ ഈ മാലിന്യകൂമ്പാരത്തെ തുടച്ചുമാറ്റിയില്ലെങ്കില്‍ ആ വിഷപ്പാമ്പിശനയും നിങ്ങള്‍ ദൂരേയ്ക്ക് മാറ്റാന്‍ കഴിയാതെ വരും.'' ഉദയാനിധി സ്റ്റാലിന് പറഞ്ഞു.
നേരത്തേ എ രാജ പറഞ്ഞു. '' എല്ലാവരേയും കടിക്കാന്‍ തയ്യാറായി നില്ക്കുന്ന വിഷപ്പാമ്പാണ് മോഡി. എന്നാല്‍ ആരുടേയും കയ്യില്‍ വിഷസംഹാരി ഇല്ലെന്ന് മാത്രം. എല്ലാവരുടേയും കയ്യില്‍ വടിയുണ്ട്. പക്ഷേ അവര്‍ക്കെല്ലാം പാമ്പ് കടിക്കുമെന്ന് പേടിയാണ്. ഇതിന് പരിഹാരം ആരുടേയും കയ്യിലില്ല. എന്നാല്‍ പെരിയാര്‍, അണ്ണാ, പിന്നെ ഞങ്ങളെല്ലാം വിഷഹാരിയായി നില്‍ക്കുകയാണ്. ഈ വിഷപ്പാമ്പിനെ നിലയ്ക്ക് നിര്‍ത്താനുള്ള വിഷസംഹാരി ദ്രാവിഡം മാത്രമാണെന്ന് വടക്കേ ഇന്ത്യക്കാര്‍ക്കും ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്.''
തന്റെ സനാതന ധര്‍മ്മ വിവാദത്തെക്കുറിച്ചും ഉദയാനിധി പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ച് കൂട്ടക്കുരുതിയ്ക്ക് ആഹ്വാനം ചെയ്യുകയാണെന്ന് വാദിച്ചു. സത്യസന്ധമായി പറഞ്ഞാല്‍ കൂട്ടക്കുരുതി നടന്നിട്ടുണ്ട്. അത് ബിജെപി ഭരിക്കുന്ന മണിപ്പൂരിലാണ്. കഴിഞ്ഞ അഞ്ചു മാസമായി അവിടെ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടതെന്നും പ്രസംഗത്തില്‍ ഉദയാനിധി സ്റ്റാലിന് വ്യക്തമാക്കി.






