കോഴിക്കോട്: മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെതിരായ കേസില്‍ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. കേസില്‍ വിസ്താരം പൂര്‍ത്തിയായി. കേസില്‍ സാക്ഷികളെയും തെളിവുകളും ഹാജരാക്കാനില്ലെന്ന് ഗ്രോ വാസു കോടതിയില്‍ അറിയിച്ചു.
വഴി തടസ്സപ്പെടുത്തിയതിനാണ് തന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ താന്‍ വഴി തടസ്സപ്പെടുത്തിയിട്ടില്ല. ഗൂഢാലോചനയും നടത്തിയിട്ടില്ല. പോലീസ് കള്ളക്കേസ് എടുക്കുകയാണ് ചെയ്ത്. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. അത് മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയിലാണ്. വഴി തടസ്സപ്പെടുത്തിയെന്ന് ആരും പരാതി പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്ല, പതിയിലുടെയാണ് കൊലപ്പെടുത്തിയതെന്നും ഏറ്റുമുട്ടലില്‍ പങ്കെടുത്തുവെന്ന് പറയുന്ന പോലീസുകാര്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഗ്രോ വാസു കോടതിയില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കവേ ഇന്നും ഗ്രോ വാസു മുദ്രാവാക്യം വിളിച്ചു.
നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഗ്രോ വാസുവിനെതിരെ കേസെടുത്തത്. അറസ്റ്റിലായ ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴ അടക്കാനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒന്നര മാസമായി ജയിലിലാണ്.






