
ബോളിവുഡിന് ഏറെയിഷ്ടമുള്ള താരജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ചതാണ്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. തൈമുര്‍ അലി ഖാനും ജഹാന്ഗീര് അലി ഖാനും. അച്ഛനേയും അമ്മയേയും പോലെ ചെറിയ പ്രായത്തില്‍ തന്നെ താരങ്ങളായി മാറിയിരിക്കുകയാണ് തൈമുറും ജേഹും. വിവാഹത്തോടെ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്ന അഭിനേത്രികളില്‍ നിന്ന് വ്യത്യസ്തയാണ് കരീന. എന്നും എപ്പോഴും സില്‍വര്‍ സ്ക്രീനില്‍ നിറഞ്ഞു നില്ക്കുന്ന താരത്തിന് ആരാധകര്‍ ഏറെയാണ്. സിനിമാത്തിരക്കുകളും ആങ്കറിംഗും ഒക്കെയായി നല്ല തിരക്കിലാണ് താരം എപ്പോഴും. തന്റെ ആദ്യ ഒടിടി റിലീസായ ജാനേ ജാന്‍ എന്ന സിനിമയുടെ പ്രൊമോഷന് തിരക്കുകളിലാണ് താരമിപ്പോള്‍. വിജയ് വര്‍മ, ജയ്ദീപ് അഹ്ലാവത് എന്നവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ റിലീസ് ഈ മാസം 21 നാണ്. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനിടെ വീട്ടിലെ ചില കാര്യങ്ങളും താരം പങ്കിട്ടിരിക്കുകയാണ്. നേരത്തെ വീട്ടില്‍ കുട്ടികളെ നോക്കുന്നവര്‍ ഭക്ഷണം കഴിച്ചിരുന്നത് വേറെ ടേബിളിലായിരുന്നു. എന്നാല്‍ തന്റെ മൂത്ത മകന് തൈമുര്‍ ഈ രീതിയെ ചോദ്യം ചെയ്തുവെന്നാണ് കരീന പറയുന്നത്. ‘‘അവര്‍ ഞങ്ങളുടെ കൂടെ തന്നെയാണ് ഇരിക്കുന്നത്. എന്റെ മക്കളുടെ നാനി അവരുടെ കൂടെയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഞാനും സെയ്ഫും അതിനെ അങ്ങനെ തന്നെയാണ് സമീപിക്കുന്നത്. നേരത്തെ തൈമുര്‍ അത് ചോദിച്ചിരുന്നു. ജേഹും അത് പിന്തുടര്ന്നു. നിങ്ങളെന്തിനാണ് അവിടെ ഇരിക്കുന്നത്, ഇവിടെ വന്നിരിക്കൂവെന്ന് അവര്‍ പറയും. അത് പിന്നീട് വീട്ടില്‍ പുതിയൊരു രീതിയ്ക്ക് തുടക്കമായി. ഇപ്പോള്‍ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. ഞങ്ങളുടെ വീട്ടിലെ നിയമമാണത്. കാരണം അവര്‍ ഞങ്ങളുടെ മക്കളെ നോക്കുന്നവരാണ്. ഞാന്‍ ഇല്ലാത്തപ്പോള്‍ എന്റെ മക്കളുടെ കാര്യമെല്ലാം നോക്കുന്നത് അവരാണ്. ആ ബഹുമാനം അവര്‍ക്ക് നല്‍കണമെന്നാണ് ഞാനും സെയ്ഫും കരുതുന്നത്. മിക്കപ്പോഴും ഞങ്ങളെല്ലാം ഒന്നിച്ചു തന്നെയാകും ഉണ്ടാവുക. യാത്ര നടത്തുന്നതും ഒരുമിച്ചാണ്. ഞാന്‍ അവിടെ ഇല്ലാത്തപ്പോള്‍ എനിക്ക് അവരെ നോക്കാനാകില്ല. അതിനെ കണ്ടില്ലെന്ന് നടിക്കാനാകില്ല...’’ കരീന പറയുന്നു.
ഓണ്‍ സ്ക്രീനിലൂടെ പ്രണയം തുടങ്ങിയ സെയ്ഫിന്റേയും കരീനയുടേയും ഓഫ് സ്ക്രീന്‍ പ്രണയം ഒരു കാലത്ത് വലിയ ചര്‍ച്ചയായതാണ്. രുവര്ക്കുമിടയിലെ പ്രായ വ്യത്യാസവും മതപരമായ വ്യത്യാസവുമൊക്കെ വലിയ വിവാദമുണ്ടാക്കി. ഇക്കാര്യത്തെക്കുറിച്ചും താരം മനസ്സു തുറക്കുന്നുണ്ട്. ‘‘ഞങ്ങള്‍ രണ്ട് പേരും പരസ്പരം ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ മതവിശ്വാസമോ പ്രായമോ അതില്‍ എങ്ങനെയാണ് പ്രശ്നമാകുന്നത്. ഇവ ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ല. സെയ്ഫിന്റെ പ്രായം എനിക്ക് പ്രശ്നമല്ല. മുമ്പത്തേക്കാളും ഹോട്ട് ആണ് അദ്ദേഹം. എനിക്ക് പത്ത് വയസ് കുറവാണെന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹം ആശങ്കപ്പെടേണ്ടതാണ്. പക്ഷെ അദ്ദേഹത്തിന് 53 വയസായെന്ന് ആരും പറയില്ല. പ്രായം പ്രശ്നമല്ല. സ്നേഹവും ബഹുമാനവുമാണ് പ്രധാനം...’’ കരീന പറയുന്നു.






