
ബോളിവുഡിലെ തന്റെ അരങ്ങേറ്റം ഗൗഭീരമാക്കിയിരിക്കുകയാണ് സംവിധായകന് അറ്റ്ലീ. ഷാരൂഖ് ഖാനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ചെയ്ത 'ജവാന്' ആഗോള തലത്തില്‍ 500 കോടിയും പിന്നിട്ടിരിക്കുന്നു. ചിത്രം മികച്ച പ്രതികരണം നേടി മുേന്നറുമ്പോള് അറ്റ്ലീയുടെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി പുറത്തു വരികയാണ്. നടന് ആയുഷ്മാന്‍ ഖുറാനയുമായി അറ്റ്ലീ ഒന്നിക്കുമെന്ന വാര്‍ത്തകളാണെത്തുന്നത്.
താന്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നാണ് ആയുഷ്മാന്‍ പറഞ്ഞത്. തെന്നിന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ റീമേക്ക് ചെയ്യാറുണ്ട്. പുതിയ പ്രമേയങ്ങള്‍ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ തന്നോട് ഒരു പ്രത്യേക ബഹുമാനം അവര്‍ക്കുണ്ടെന്നും അത്തരത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ സിനിമകളില്‍ അഭിമാനിക്കുന്നുവെന്നും ആയുഷ്മാന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തിരക്കഥ അത്ഭുതപ്പെടുത്തിയാല്‍ സിനിമ ചെയ്യും. പ്രചോദിപ്പിക്കുന്ന കഥകള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. അറ്റ്ലീക്കൊപ്പമോ ഫഹദിനൊപ്പമോ സിനിമ ചെയ്യാനാണ് ആഗ്രഹമെന്നും നടന് കൂട്ടിച്ചേര്‍ത്തു. നടന്റെ അഭിമുഖം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ ആയുഷ്മാനുമായുള്ള ചിത്രമായിരിക്കും അറ്റ്ലീ ജവാന് ശേഷം ഒരുക്കുക എന്ന ചര്‍ച്ചകള്‍ സജീവമാണ്.






