
മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന സിനിമകളെന്നു കേള്‍ക്കുമ്പോഴേ ആരാധകര്‍ക്ക് ആവേശമാണ്. ഈ ടീമിന്റെ നേര് ചിത്രീകരണം പുരോഗമിക്കുകയാണെന്നു മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഈ സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും പ്രിയാമണി എത്തുകയാണ്. ഇന്നാണ് ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നതെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ താരം പങ്കിട്ടത്. ‘‘ഇന്ന് നേരിന്റെ സെറ്റിൽ ചേർന്നു!!! ഒരേയൊരു മോഹൻലാൽ സാറിനും ജീത്തു സാറിനും ഒപ്പം...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം സന്തോഷ വാര്‍ത്ത പങ്കിട്ടത്. കോടതി രംഗങ്ങളില്‍ പ്രിയാമണിയും ഉണ്ടാകും. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആയ ത്രില്ലിലാണ് താരം.
നേര് തിരക്കഥ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷത്തോളം സമയം എടുത്തിരുന്നു. ദൃശ്യം രണ്ടില്‍ അഭിഭാഷകയുടെ വേഷത്തിലെത്തിയ ശാന്തി മായാദേവിയാണ് ഇതിന്റെ തിരക്കഥ. യഥാര്‍ത്ഥ ജീവിതത്തിലും അഭിഭാഷകയായ അവര്‍ ദൃശ്യം 2 ന്റെ സെറ്റില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നാണ് ഈ സിനിമയ്ക്കുള്ള ആശയം പിറന്നത്. ‘‘സിനിമ യഥാര്‍ത്ഥ സംഭവ കഥയല്ല. ഈ സിനിമ ഇമോഷണല്‍ ഡ്രാമയാണ്. നേര് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. സ്പെന്സില്ലാത്ത, ത്രില്ലര്‍ അല്ലാത്ത ഒരു കേസ് കുറ്റവാളി ആരാണെന്ന് സിനിമ ആദ്യമേ തന്നെ കാണിച്ചു തരും. എന്നാല്‍ ഒരു കേസ് കോടതിയില്‍ എത്തുമ്പോള്‍ അവിടെ എന്തൊക്കെ സംഭവിക്കുന്നു ഏതൊക്കെ രീതിയില്‍ കൃത്രിമത്വം നടക്കാം കേസിനായി എന്തൊക്കെ രീതിയില്‍ പോരാട്ടം നടത്തേണ്ടിവരും തുടങ്ങിയ കാര്യങ്ങളാണ് സിനിമ പറയുന്നത്...’’ ’’ ജിത്തു ജോസഫ് സിനിമയെക്കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിനിടെ പറഞ്ഞത് ഇങ്ങനെയാണ്. ആശിര്‍വാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിര്‍മാണ സംരംഭമാണിത്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സന്തോഷവും ആവേശവുമാണ് ആരാധകര്‍ക്ക്.






