കോഴിക്കോട്: പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റിലായ മനുഷ്യാവകാശ- മാവോയിസ്റ്റ പ്രവര്ത്തകന് ഗ്രോ വാസു ജയില്‍ മോചിതനായി. തെളിവുകളുടെ അഭാവത്തില്‍ കുന്ദമംഗലം കോടതി വെറുതെ വിട്ടതോടെയാണ് മൂന്നു മണിയോടെ ഗ്രോ വാസു ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ഇക്വിലാബ് സിന്ദാബാദ്, വ്യാജഏറ്റുമുട്ടല്‍ കൊലയാളികളെ ശിക്ഷിക്കുക എന്ന് വിളിച്ചുകൊണ്ട് പുറത്തുവന്ന ഗ്രോ വാസു പിണറായി വിജയന് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു. 'സഖാക്കളെ, നമ്മുടെ കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനകരമായ ഒരു സംഭവമാണ് പശിചമഘട്ട ഏറ്റുമുട്ടല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്. വ്യാജഏറ്റുമുട്ടല്‍ കൊലപാതകത്തിലുടെ എട്ട് മനുഷ്യരെ ആണ് കാട്ടുമുയലുകളെ പോലെ വെടിവച്ചുകൊന്നത്. മാര്‍ക്സിസ്റ്റ് സര്‍ക്കാരാണ് അത് ചെയ്തത്. ഏഴ് വര്‍ഷം അത് തമസ്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതില്‍ ഒരു മെഴുതിരി എങ്കിലും കൊളുത്തിവയ്ക്കാനാണ് വയസ്സുകാലത്ത് ജയിലില്‍ കഴിഞ്ഞത്. അതില്‍ മാധ്യമപ്രവര്‍ത്തകരെ, പ്രിയപ്പെട്ട യുവാക്കളെ, മാവോയിസ്റ്റ പ്രവര്‍ത്തകരുടെ സന്ദേശം, ദുര്‍ബലരായ തന്റെ സന്ദേശം ഇടിമിന്നല്‍ പോലെ എത്തിച്ചത് നിങ്ങളാണ്. നിങ്ങള്‍ക്ക് അഭിവാദ്യം.' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗ്രോ വാസു സംസാരിച്ചു തുടങ്ങിയത്.
കെ.കെ രമ ആണ് തനിക്ക് ആദ്യമായി പിന്തുണ അറിയിച്ച് ജയിലില്‍ വന്നത്. അവരുടെ ഭര്‍ത്താവ് എങ്ങനെയാണ് മരിച്ചതെന്നും എങ്ങനെയാണ് വിധവയായതെന്നും നിങ്ങള്‍ക്കറിയാം.
കാശുണ്ടാക്കാന്‍ വേണ്ടി ചെഗ്വേരയെ ഉയര്ത്തിപ്പിക്കുന്നവര് 300 കോടിക്ക് വേണ്ടിയാണ് എട്ടു പേരെ കൊലപ്പെടുത്തിയത്. നെഞ്ചിനു നേരെ നോക്കി തന്നെയാണ് വെടിവച്ചത്. ഇവരാണ് കമ്മ്യുണിസ്റ്റുകാര്‍ എന്നു പറഞ്ഞ് നാട്ടില്‍ നടക്കുന്നത്. ജനങ്ങള്‍ക്ക് ഇതൊന്നു മനസ്സിലാകുന്നില്ലേ. ജനങ്ങള്‍ ആവശ്യമായ സമയത്ത് ഉണരണം.
തന്റെ സമരത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുണ്ടെന്ന ആരോപണത്തിനും ഗ്രോ വാസു മറുപടി നല്കി. 'ലോകതൊഴിലാളികളെ ഒന്നിക്കുവില്' എന്ന് പറഞ്ഞ മാര്‍ക്സിന്റെ വാക്കുകള്‍ മാത്രമാണ് വിമര്‍ശിക്കുന്നവരോട് പറയാനുള്ളത്. അതില്‍ മുസ്ലീം, ഹിന്ദു, സിഐടിയുസി, ഐഎന്‍ടിയുസി തൊഴിലാളികളെ എന്ന് പറയുന്നില്ല. ബിജെപി തൊഴിലാളി യൂണിയനുകള്‍ വരെ തനിക്ക് പിന്തുണ നല്കി.
ഞാന്‍ കത്തിച്ച മെഴുതിരി ഒരു പെട്രോമാക്സ് ആയി തെളിക്കണം. കൊലപാതകം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. കൊലയാളികള്‍ അതാരാണെങ്കിലും ശിക്ഷിക്കണം. വര്‍ഗീസ് കൊലക്കേസിലെ പ്രതികളെ ശിക്ഷിച്ചതില്‍ അഭിമാനമുണ്ട്.
100 വയസ്സായാലും ജീവിച്ചിരുന്നാല്‍ മുദ്രാവാക്യം വിളിക്കും. ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് മൂലം മരിച്ചുവീഴുന്നത് തുടരുന്ന കാലം വരെ മുദ്രാവാക്യം വിളിക്കും.
കേസില്‍ ജാമ്യമെടുക്കുന്നില്ല എന്ന് തീരുമാനിച്ചതിന്റെ പ്രധാന കാരണം ഈ പ്രശ്നം ലോകത്തിനു മുന്നില്‍ എത്തിക്കാനാണ്. എട്ട് പേരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം തമസ്കരിച്ചത് പുറത്തുകൊണ്ടുവരാണ് ജാമ്യമെടുക്കാതെ പ്രതിഷേധിച്ചത്. വെടിയേറ്റ് മരിച്ച അജിത അടക്കമുള്ളവരുടെ മൃതദേഹം താന്‍ കണ്ടതാണ്.
മാവോയിസ്റ്റ് എന്ന് പറയാന്‍ മടിയുള്ള ഈ കാലത്ത് രക്തസാക്ഷികള്‍ക്ക് മുദ്രാവാക്യം വിളിച്ച് ജയില്‍ വരെ വരാന്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും ഗ്രോ വാസു പറഞ്ഞു.
കോഴിക്കോട് ജില്ലാ ജയിലിന് മുന്നില്‍ ഗ്രോ വാസുവിന് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. 46 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് 94കാരനായ ഗ്രോ വാസു പുറത്തിറങ്ങിയത്.
2016ല്‍ നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ പ്രതിഷേധിച്ച സംഭവത്തിലാണ് കഴിഞ്ഞ മാസം ഗ്രോ വാസുവിനെ പോലീസ് അറസ്റ്റു ചെയ്തത്. മാര്‍ഗ തടസ്സമുണ്ടാക്കി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍ അതിന് എന്നതിന് തെളിവില്ലെന്ന് കണ്ടാണ് കോടതി വെറുതെ വിട്ടത്.
വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് സാക്ഷി കൂറുമാറുകയും ചെയ്തിരുന്നു. കേസില്‍ ഗ്രോ വാസു തനിയെ ആണ് വാദിച്ചത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മുദ്രാവാക്യം വിളിച്ച പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.






