
മലയാളത്തില്‍ ഒരു കാലത്ത് താരമായിരുന്ന മേനകയുടെയും നിര്‍മ്മാതാവായ സുരേഷ് കുമാറിന്റെ മകള്‍ എന്ന നിലയില്‍ മാത്രമല്ല അഭിനേത്രി എന്ന നിലയിലും കീര്‍ത്തി തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരമാണ്. കീര്‍ത്തിയും തമിഴകത്തിന്റെ സംവിധായകന് അറ്റ്ലിയുടെ കുടുംബവും തമ്മില്‍ വളരെ നല്ല ഒരു സൗഹൃദമുണ്ട്. അറ്റ്ലിയുടെ സംവിധാനത്തില്‍ പിറന്ന ഷാരൂഖ് ഖാനും നയന്‍താരയും ഒരുമിച്ചെത്തിയ ജവാൻ സിനിമയുടെ ആവേശത്തിലാണ് പ്രേക്ഷകര്‍. ജവാനിലെ ഓരോ സംഭാഷണവും ഗാന രംഗങ്ങളുമെല്ലാം പ്രേക്ഷകര്‍ റീലുകളായി ആവേശത്തോടെ ഏറ്റെടുക്കുകയാണ്. സിനിമാതാരങ്ങള്‍ വരെ അതില്‍ പെടും. ഇപ്പോഴിതാ ജവാനിലെ ചലേയ ഗാനത്തിന് റീല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷും അറ്റ്ലിയുടെ ഭാര്യ പ്രിയയും. ഷാരൂഖ് ഖാനും നയൻതാരയും തകര്‍ത്താടിയ രംഗത്തിനാണ് കീര്‍ത്തി സുരേഷും പ്രിയ അറ്റ്ലിയും ചുവടുകള്‍ വയ്ക്കുന്നത്. വളരെ രസകരമാണ് ഇരുവരുടെയും നൃത്തം. ഇവരുടെ നൃത്ത വീഡിയോയുടെ ഏറ്റവും വലിയ കൗതുകം സംവിധായകൻ അറ്റ്ലിയുമെത്തും അവരുടെ പെറ്റ് ഡോഗും എത്തുന്നതാണ്. നൃത്തത്തിന്റെ അവസാനം ആവേശത്തോടെ പെറ്റ് ഡോഗിന്റെ അടുത്തെത്തുന്ന കീര്‍ത്തിയുടെ നേരെ നായ കുരയ്ക്കുന്നതും പേടിച്ച് കീര്‍ത്തി പിറകോട്ട് നീങ്ങുന്നതും വീഡിയോയിലെ രസകരമായ ഭാഗമാണ്. കീര്‍ത്തി തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘‘വിനോദത്തിന് വേണ്ടി മാത്രം... അവസാനം ആരും കാണാതിരിക്കരുത്. ചിലപ്പോഴൊക്കെ ഞാന്‍ ആവേശഭരിതയാകും...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് കീര്‍ത്തി വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ കീര്‍ത്തിയും പ്രിയയും രസകരമായിട്ടാണ് ചുവടുകള്‍ വയ്ക്കുന്നത്. രണ്ടു പേരുടെയും വേഷവിധാനവും ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. വീഡിയോ പങ്കിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തരംഗമായിട്ടുണ്ട്.
സംവിധായകൻ അറ്റ്ലി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയായി എത്തും എന്ന് റിപ്പോര്‍ട്ടുണ്ട്. വരുണ്‍ ധവാൻ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡില്‍ ഹിറ്റ്മേക്കര് അറ്റ്ലി ആദ്യമായി സംവിധാനം ചെയ്തപ്പോള്‍ ഷാരൂഖ് ഖാനും നയന്‍താരയുമാണ് നായിക നായകന്മാരായത്. സംവിധായകനല്ലെങ്കിലും അറ്റ്ലി നിര്‍മാതാവാകുന്ന ഒരു ചിത്രം എന്നതിനാല്‍ പുതിയ പ്രൊജക്റ്റില്‍ കീര്‍ത്തി സുരേഷിന് വലിയ പ്രതീക്ഷകളാണ്. കീര്‍ത്തി സുരേഷിന്റെ അവസാന ചിത്രം ഭോലാ ശങ്കര്‍ ആയിരുന്നു. അതില്‍ ചിരഞ്ജീവിയാണ് നായകനായത്. തമന്ന നായികയായ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ചിരഞ്ജീവിയുടെ സഹോദരി കഥാപാത്രമായിട്ടായിരുന്നു എത്തിയത്. സിനിമ പക്ഷേ വന്‍ പരാജയമായിരുന്നു.






