
തിരുവനന്തപുരം: ആണിന്റെ ശില്‍പ്പം വേണം, പ്രത്യേക ജൂറി അവാര്‍ഡ് കിട്ടുന്നവര്‍ക്ക് സ്വര്‍ണ്ണം പൂശിയ ശില്‍പ്പം നല്‍കണം, പ്രത്യേക പുരസ്ക്കാരത്തിന് 25,000 രൂപ നല്കി അപമാനിക്കരുത് തുടങ്ങി സംസ്ഥാന പുരസ്ക്കാര വേദിയില്‍ പ്രസംഗിച്ച് വിവാദത്തില്‍ തലയിട്ട് നടന് അലന്‍സിയര്‍. ആണ്‍കരുത്തുളള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്ന നടന് അലന്‍സിയറിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ പരാമര്‍ശമാണ് വിവാദമായത്.
പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്നു മേടിക്കാന്‍ പറ്റുന്നുവോ അന്ന് അഭിനയം നിര്‍ത്തുമെന്നും പറഞ്ഞു. നല്ലനടന്‍ പുരസ്ക്കാരം എല്ലാവര്ക്കും കിട്ടും സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണ്ണത്തിന്റെ പ്രതിമ നല്‍കണമെന്നും പ്രത്യേക പുരസ്ക്കാരം നേടിയ തന്നെയും കുഞ്ഞാക്കോ ബോബനേയും പോലെയുള്ളവരെ 25,000 രൂപ തന്ന് അപമാനിക്കരുത് പുരസ്ക്കാരത്തിനുള്ള തുക കൂട്ടണമെന്നും അലന്‍സിയര്‍ പറഞ്ഞു.
സാംസ്ക്കാരിക മന്ത്രി സജി ചെറിയാനോടും ചലച്ചിത്ര സംവിധായകന് ഗൗതംഘോഷിനോടുമായിരുന്നു അഭ്യര്‍ത്ഥന. അതേസമയം അലന്സിയററുടെ പ്രസംഗം വ്യാപകമായ വിമര്‍ശനത്തിനും ട്രോളിനും ഇടയാക്കി. അലന്‍സിയറിന്റെ അപ്പന് സിനിമയിലെ പ്രകടനം അഭിനയമായിരുന്നോ ജീവിതമായിരുന്നോ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വന്ന ഒരു കമന്റ്.
ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി എന്ന മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്റെ ഡയലോഗു കൊണ്ട് നേരിടുന്നവരുമുണ്ട്. അലന്‍സിയറിനെ പോലെയുള്ളവരെ വിളിച്ച് അവാര്‍ഡ് നല്കി സംസ്ഥാന അവാര്‍ഡിന്റെ പേര് കളയരുതെന്നും വിമര്‍ശനമുണ്ട്. നേരത്തേ മീടൂ അടക്കമുള്ള ആരോപണങ്ങള്‍ക്ക ഇരയായി വിവാദത്തില്‍ പെട്ട അലന്‍സിയര്‍ അതിന് ശേഷം അപ്പന് സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കെയാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്.






