
അഴിമതിക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തി പൊതു വ്യവഹാരിയായി മാറിയ ഗിരീഷ് ബാബു അകാലത്തില്‍ യാത്രയാകുമ്പോള്‍ അവശേഷിക്കുന്നതു നിയമപോരാട്ടത്തിന്റെ നാള്‍വഴികള്‍. പാലാരിവട്ടം പാലം നിര്‍മ്മാണം മുതല്‍ മാസപ്പടി വിവാദം വരെയുള്ള അഴിമതിക്കെതിരേ നിയമപോരാട്ടം നടത്തി അന്തിമ വിധി വരും മുമ്പേ ആണ് ഗിരീഷ് ബാബു വ്യവഹാരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്.
പത്രപ്രവര്‍ത്തകനായി പൊതുരംഗത്തുവന്ന ഈ നിയമ ബിരുദധാരി വിവരാവകാശ പ്രവര്‍ത്തകനായി അഴിമതിക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചു. പിന്നീട് പൊതുതാല്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ച് ശ്രദ്ധേയനായി. ഇടത്-വലത് മുന്നണി വ്യത്യാസമില്ലാതെ ഭരണ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കെതിരെ കൊമ്പുകോര്‍ക്കാന്‍ ഗിരീഷിന് തെല്ലും ഭയം ഉണ്ടായിരുന്നില്ല.
സംസ്ഥാന മുഖ്യമന്ത്രി മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള പ്രമുഖരോട് ആയിരുന്നു പോരാട്ടം. പാലാരിവട്ടം പാലം നിര്‍മാണ അഴിമതി കേസില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ച കോടതി വ്യവഹാരം കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചിരുന്നു.
മരണത്തിനു തൊട്ടുമുമ്പുള്ള നാളുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയന്, മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവരെ എതിര് കക്ഷികള്‍ ആക്കി സി.എം.ആര്.എല്‍. മാസപ്പടി വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു. ഇതിനെതിരെ െഹെക്കോടതിയെ സമീപിച്ച് പരമോന്നത കോടതി ഇന്നു കേസ് പരിഗണിക്കാനിരിക്കേയാണ് ആകസ്മിക മരണം.
രാഷ്ട്രീയ ഭരണ നേതൃത്വത്തിന് പുറമേ ചലച്ചിത്രതാരം ജയസൂര്യ, പിന്നണി ഗായകന് എം.ജി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേയും ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗായകന് എം.ജി. ശ്രീകുമാറിനെതിരേ ഹര്‍ജി സമര്‍പ്പിച്ചത്. കൊച്ചി ചിലവന്നൂര്‍ കായല്‍ െകെയേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടന് ജയസൂര്യക്കെതിരേ കോടതിയെ സമീപിച്ചത്. ഇരു കേസുകളുടെയും നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്.
പി.എസ്.സി. അംഗങ്ങളെ നിയമിച്ചതില്‍ അഴിമതി ആരോപിച്ച് മന്ത്രി വി.പി. ശശീന്ദ്രന് അടക്കമുള്ളവര്‍ക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി ഏതാനും ആഴ്ച മുമ്പ് സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി മടക്കുകയായിരുന്നു.
വാളയാര്‍ കുഴല്‍പ്പണ കടത്ത് കേസില്‍ എടത്തല ഗ്രാമപഞ്ചായത്ത് െവെസ് പ്രസിഡന്റും എന്‍.സി.പി. ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എ.എം. അബ്ദുള്‍ ഖാദറിന് എതിരേയുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നു. കാക്കനാട് ഗവണ്മെന്റ് പ്രസില്‍നിന്ന് 2004-2011ല്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന 45 ടണ്‍ ഈയം കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കോടതി തീര്‍പ്പാക്കുകയായിരുന്നു. തേവരയിലെ കുമ്പളം കായലിന് കുറുകെ കണ്ണങ്ങാട്ട് പാലം നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
വിവാദ താന്ത്രികന് സന്തോഷ് മാധവന് അനധികൃതമായി മിച്ചഭൂമി പതിച്ചു നല്‍കിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ മന്ത്രിമാര്‍ക്കുമെതിരെ 2016 ല്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹഡ്കോ പുനരധിവാസ ഭൂമി വാട്ടര്‍ അതോറിറ്റിയുടെ കളമശേരി പരപ്പത്ത് കോളനിയില്‍ അനധികൃതമായി താമസിച്ചിരുന്നവര്‍ക്ക് പതിച്ചുനല്കിയെന്ന്കാട്ടി മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവര്‍ക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു.
മെട്രോ റെയില്‍ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുത്തത് ക്രമക്കേടുണ്ടെന്ന് കാണിച്ച് കൊച്ചി നഗരത്തിലെ വ്യവസായി ഉള്‍പ്പെടെയുളളവരെ പ്രതിയാക്കി ഹര്‍ജി നല്‍കിയിരുന്നു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ ഓഹരി വിലകുറച്ചു വില്‍പ്പന നടത്തിയതു സംബന്ധിച്ചും ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ അഗ്നിബാധയെത്തുടര്‍ന്ന് നിര്‍മ്മാണ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇവയില്‍ പലതിലും ത്വരിതാന്വേഷണം നടത്തി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ചില കേസുകളില്‍ എഫ്.ഐ.ആറും ആയി. ഏതാനും കേസുകള്‍ െഹെകോടതി സ്റ്റേ ചെയ്തിരുന്നു.






