
മുംബൈ: വെന്റിലേറ്റര്‍ സഹായത്തോടെ 'ജവാന്' കാണാനെത്തിയ ആരാധകന് നന്ദി അറിയിച്ച് കുറിപ്പ് പങ്കുവെച്ച് നടന് ഷാരൂഖ് ഖാന്. കടുത്ത ഷാരൂഖ് ആരാധകനായ അനീസ് ഫാറൂഖി എന്ന യുവാവാണ് മോശം ആരോഗ്യസ്ഥിതി അവഗണിച്ച് ചിത്രം കാണാനെത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് വിഡിയോ റീഷെയര്‍ ചെയ്ത് ആരാധകന് നന്ദി അറിയിച്ച് ഷാരൂഖ് രംഗത്തെത്തിയത്. 'നന്ദി പ്രിയ സുഹൃത്തേ, ദൈവം നിങ്ങളെ ലോകത്തെ എല്ലാ സന്തോഷങ്ങളും നല്കി അനുഗ്രഹിക്കട്ടെ. നിങ്ങളാല്‍ സ്നേഹിക്കപ്പെട്ടതില് ഞാന്‍ ഏറെ നന്ദിയുള്ളവനാണ്. നിങ്ങള്‍ സിനിമ ആസ്വദിച്ചെന്ന് കരുതുന്നു. ഒരുപാട് സ്നേഹം', ഷാരൂഖ് കുറിച്ചു.
സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 11 ദിവസംകൊണ്ട് 800 കോടി രൂപയാണ് ആഗോള ബോക്സ് ഓഫിസില്‍നിന്ന് ചിത്രം നേടിയത്. അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍ താരയാണ് നായിക. വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദീപിക പദുക്കോണ്‍ അതിഥി താരമായും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.






