
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നായികയാണ് ലക്ഷ്മി മേനോന്. മലയാളിയായ ലക്ഷ്മി മേനോൻ തമിഴ് സിനിമാ രംഗത്താണ് ശോഭിച്ചത്. തമിഴ് സിനിമാ രംഗത്ത് സെൻസേഷനായി മാറിയിട്ടുണ്ട് താരം. ഭാഗ്യ നായികയായി അറിയപ്പെട്ട താരം ചെയ്ത ഭൂരിഭാഗവും ഹിറ്റ് സിനിമകളാണ്. മലയാളത്തില്‍ രഘുവിന്റെ സ്വന്തം റസിയ ഉള്‍പ്പെടെയുള്ള സിനിമകളില്‍ ചെറിയ വേഷമാണ് താരം ആദ്യം ചെയ്തിരുന്നത്. എന്നാല്‍ തമിഴകത്തേക്ക് കടന്നതോടെ താരത്തിന്റെ കരിയര്‍ ഗ്രാഫ് മാറി മറിഞ്ഞു. 2012 ല്‍ പുറത്തിറങ്ങിയ സുന്ദരപാണ്ഡ്യൻ എന്ന സിനിമ വൻ ഹിറ്റായതോടെ പിന്നെ ഓഫറുകളുടെ പെരുമഴയായി. പിന്നീടിറങ്ങിയ കുംകി എന്ന സിനിമയും വിജയം നേടി. തുടരെ രണ്ട് സിനിമകള്‍ ഹിറ്റായതോടെ താരം ഹിറ്റ് നായിക പട്ടികയില്‍ ഉയര്‍ന്നു. വില്ലേജ് ഗേള്‍ ഇമേജും നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജുമാണ് ലക്ഷ്മി മേനോൻ സിനിമാ ലോകത്ത് അറിയപ്പെട്ടത്. തുടക്കക്കാലത്ത് ഓഫറുകള്‍ ഏറെ വന്നെങ്കിലും ഈ സ്റ്റീരിയോടൈപിംഗ് പിന്നീട് അവസരങ്ങള്‍ കുറച്ചു. ഒരേ പോലുള്ള കഥാപാത്രങ്ങള്‍ വന്നതിനാല്‍ താരം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തു. ഏറെനാളുകള്‍ക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലക്ഷ്മി മേനോൻ. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ‘‘പത്ത് വര്‍ഷത്തെ സിനിമാ കരിയറില്‍ നിന്നും ഒരുപാട് പഠിച്ചു. വീഴ്ചകളും ഉയര്‍ച്ചകളും ഉണ്ടാകും. വര്‍ക്കില്‍ 100 ശതമാനം നല്‍കണം. താരം എന്നതിനപ്പുറം സാധാരണക്കാരിയായാണ് ഞാനെപ്പോഴും പെരുമാറുന്നത്. മാതാപിതാക്കളാണ് അങ്ങനെ പഠിപ്പിച്ചത്. ഇനിയും മെച്ചപ്പെടാനുണ്ടെന്ന ചിന്ത എപ്പോഴും വേണം...’’ താരം പറയുന്നു.
സിനിമാ ലോകത്ത് നിന്നും പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ലക്ഷ്മി മേനോൻ നല്കിയ മറുപടി. ‘‘എനിക്ക് പ്രൊപ്പോസലുകള്‍ വേണ്ട. ജീവിതത്തില്‍ സമാധാനമുണ്ട്. ജീവിതം നന്നായി പോകുന്നുണ്ട്. അത് മതി. ഒരാളെ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ തുറന്ന് പറയും. മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ട്.
ഞാന്‍ അഭിനയിച്ച സിനിമകളില്‍ മിക്കതിലും നല്ല ഗാനങ്ങളുണ്ട്. കേരളത്തില്‍ ഈ ഗാനങ്ങളിലൂടെയാണ് ഞാന്‍ അറിയപ്പെടുന്നത്. പാണ്ഡ്യനാട് എന്ന സിനിമ ചെയ്യുമ്പോള്‍ വളരെ ചെറിയ കുട്ടിയായിരുന്നു. സാരിയെല്ലാം ധരിക്കുമ്പോള്‍ എനിക്കിത് വേണ്ട എന്നൊക്കെ പറയും. ആളുകള്‍ കരുതിയത് ഞാൻ വലിയൊരു പെണ്‍കുട്ടിയാണെന്നാണ്. കുട്ടികളെ പോലെ പെരുമാറുമ്പോള്‍ ചെറിയ കുട്ടിയാണോ എന്ന് ആളുകള്‍ ചോദിച്ചു. ഞാൻ കുട്ടി തന്നെയാണെന്ന് പറയാൻ തോന്നുമായിരുന്നു...’’ ലക്ഷ്മി പറയുന്നു.
റിലീസിനൊരുങ്ങുന്ന ചന്ദ്രമുഖി 2 എന്ന സിനിമ ലക്ഷ്മി മേനോന് മികച്ച തിരിച്ച് വരവാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന സിനിമയില്‍ കങ്കണ റണൗത്താണ് നായിക. പി വാസു സംവിധാനം ചെയ്യുന്ന സിനിമയില്‍ രാഘവ ലോറൻസാണ് നായകന്, ഇതില്‍ ലക്ഷ്മി മേനോനും സുപ്രധാന വേഷമുണ്ട്.






