
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വനിത സംവരണ ബില്‍ നിയമമാകുന്നതിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല. പാര്‍ലമെന്റില്‍ ഹാജരായിരിക്കുന്ന അംഗങ്ങളില്‍ മൂന്നില്‍ രണ്ട് പേരുടെ പ്രത്യേക ഭൂരിപക്ഷത്തില്‍ ബില്‍ പാസായാല്‍ മതിയാകും. ഇത് സഭയിലെ ആകെ അംഗങ്ങളില്‍ പകുതിയിലേറെ പേരുടെ ഭൂരിപക്ഷം നേടുകയും ചെയ്യണമെന്ന് ഭരണഘടന അനുഛേദം 368ല്‍ പറയുന്നൂ.
ഇത്തരം ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ പകുതിയിലേറെ സംസ്ഥാനങ്ങളുടെ പിന്തുണ വേണമെന്ന വാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ വനിതാ സംവരണം പാര്‍ലമെന്റിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കാത്തതിനാല്‍ സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജിഎസ്ടി ബില്ലിലാണ് ഒടുവില്‍ സംസ്ഥാന അംഗീകാരം തേടിയത്.
സ്ത്രീകള്‍ക്ക് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33% സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. ബില്ലിന്മേല് ഇന്ന് സഭയില്‍ ചര്‍ച്ച നടക്കുകയാണ്. ഇന്ന് ബില്‍ പാസാക്കി നാളെ രാജ്യസഭ ചര്‍ച്ചയ്ക്കെടുക്കും.






