
തൃശ്ശൂര്‍: ടിപി വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഗുണ്ടാ നേതാവ് കൊടി സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന ആരോപണം വീണ്ടും. സെല്ലിനുള്ളില്‍ സുനി മൊബൈല്‍ ഉപയോഗിക്കുന്നതിന് തെളിവായി അത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച വാര്‍ഡന്റെ ഫോണ്‍ അഴിക്കുള്ളിലൂടെ കടന്ന് പിടിച്ച് പ്രതി മെമ്മറി കാര്‍ഡ് നശിപ്പിച്ചു.
ടിപി വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ സുഗമമായി മൊബൈലും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതായി നേരത്തേ തെളിഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടികളൊന്നുമില്ലെന്ന് സമീപ സംഭവം സൂചിപ്പിക്കുന്നു. ചില ജീവനക്കാരുടെ സഹായത്തോടെ തടവുകാര്‍ക്ക് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
കൊടി സുനിക്ക് എങ്ങനെ ഫോണ്‍ ലഭിച്ചെന്നോ ഇതില്‍ ആരൊക്കെ ബന്ധപ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ല.






