
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജാറിന്റെ വധത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളാണെന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് പ്രശ്നത്തിന് കാരണമായി മാറിയിരിക്കുന്നത്. അതിനിടയില്‍ ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ താമസിക്കാന വിസമ്മതിച്ചതായും വിദേശ നേതാക്കള്‍ക്കായി ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെ സാധാരണ മുറിയാണ് ഉപയോഗിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ ലോകനേതാക്കള്ക്കളുടെയും സുരക്ഷയെ മൂന്‍നിര്‍ത്തി സുരക്ഷാപ്രോട്ടോകോളിന്റെ ഭാഗമായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് ഇവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയത്. ഓരോരുത്തര്‍ക്കും പൂര്‍ണ്ണമായ സുരക്ഷാ പ്രോട്ടോകോള്‍ വരുന്ന രീതിയില്‍ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടോട് കൂടിയ വിവിഐപി ഹോട്ടലുകളാണ് ജി20 യ്ക്കായി എത്തിയ നേതാക്കള്‍ക്കായി സജ്ജമാക്കിയത്. ന്യൂഡല്‍ഹിയിലെ ലളിത് ഹോട്ടലിലാണ് ജസ്റ്റിന് ട്രൂഡോ താമസിച്ചത്. പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹമോ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥ സംഘത്തില്‍ പെട്ടവരോ അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. പകരം അതേ ഹോട്ടലിലെ സാധാരണ മുറിയില്‍ തന്നെ താമസിച്ചു.
ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇങ്ങിനെ ചെയ്തതെന്നായിരുന്നു ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ജസ്റ്റിന് ട്രൂഡോയുടെ സംഘം നല്കിയ മറുപടി. എന്നിരുന്നാലും ട്രൂഡോ സാധാരണ മുറിയില്‍ പാര്‍ത്തതിന് കൃത്യമായ വിശദീകരണം കനേഡിയന്‍ അധികൃതര്‍ നല്‍കിയിരുന്നില്ലെന്നും ഇന്ത്യന്‍ സുരക്ഷാ വിഭാഗം പറയുന്നു. ജസ്റ്റിന്‍ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ സംഭവിച്ച അസാധാരണ എപ്പിസോഡ് പക്ഷേ ഇതു മാത്രമായിരുന്നില്ല. ഇന്ത്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ഷെഡ്യൂള്‍ ചെയ്തിരുന്നത് സെപ്തംബര്‍ 10 നായിരുന്നു. എന്നിരുന്നാലും വിമാനത്തിന്റെ സാങ്കേതികപ്രശ്നം മൂലം ഇന്ത്യയില്‍ തുടരാന്‍ നിര്‍ബ്ബന്ധിതമായി.
തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രിയ്ക്ക് മടങ്ങാന്‍ 'എയര്‍ഇന്ത്യ വണ്‍' വിമാനം ഇന്ത്യന്‍ അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നതായിട്ടാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാഗ്ദാനവും കനേഡിയന്‍ പ്രധാനമന്ത്രി നിരസിക്കുകയായിരുന്നു. പകരം തന്റെ വിമാനം വരുന്നത് വരെ ഹോട്ടലില്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. ഒടുവില്‍ സെപ്തംബര്‍ 12 നാണ് വിമാനം എത്തിയതും അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞതും. ഇതിന് പിന്നാലെയാണ് ഇന്ത്യാ കാനഡാ ബന്ധം വഷളാക്കുന്ന രീതിയില്‍ ഹര്‍ദീപ് സിംഗ് നജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ട്രൂഡോ ആരോപണവുമായി രംഗത്ത് വന്നത്. ഇന്ത്യ ആരോപണം തള്ളുകയും ചെയ്തു.






