ന്യുയോര്‍ക്ക്: ഖാലിസ്താനി നേതാവ് ഹര്‍ദീപ് സിംഗ് നജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചാണ് താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും തന്റെ വെളിപ്പെടുത്തലിനു പിന്നില്‍ 'വിശ്വസനീയമായ കാരണങ്ങളുണ്ടെന്നും' അമേരിക്കയിലെ ന്യുയോര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു.
കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് താന്‍ തിങ്കളാഴ്ച പറഞ്ഞതിന് വിശ്വസിക്കാന്‍ പറ്റുള്ള വിശ്വസനീയമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. രാജ്യാന്തര ചട്ടങ്ങള്‍ പാലിക്കുന്ന ഒരു രാജ്യത്തിന്റെ നിയമവാഴ്ചയില്‍ അങ്ങേയറ്റം അടിസ്ഥാന മഹത്വമുണ്ട്. ഞങ്ങള്‍ക്ക് കാര്‍ക്കശ്യവും സ്വതന്ത്രവുമായ വിവേചനവും വിവേകമുള്ള നടപടിക്രമങ്ങളുമുണ്ട്. -ഇന്ത്യ-കാനഡ നയന്ത്ര ബന്ധം വഷളായതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ പൂര്‍ണ്ണ സുതാര്യതയും ഉത്തരവാദിത്തവും നീതിയും ഉറപ്പാക്കുന്നതിനും ഈ വിഷയം ഗൗരവമായി എടുക്കണമെന്നും ഞങ്ങളുമായി സഹകരിക്കണമെന്നും ഇന്ത്യാ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഞങ്ങളുടേത് നിയമവാഴ്ചയുള്ള രാജ്യമാണ്. കനേഡിയന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും രാജ്യാന്തര ചട്ടങ്ങള്‍ അധിഷ്ഠിതമായ വിഷയങ്ങളില്‍ ഞങ്ങളുടെ മൂല്യങ്ങള്‍ ഉയര്ത്തിപ്പിടിക്കുന്നതിലുമാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. അതിലാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ.- ട്രൂഡോ പറഞ്ഞു.
സ്വന്തം മണ്ണില്‍ കടന്നുകയറി ആ രാജ്യത്തെ ഒരു പൗരനെ മറ്റേതെങ്കിലുമൊരു രാജ്യം വധിക്കുന്നത് അംഗീകരിക്കാനാവില്ല. പാര്‍ലമെന്റില്‍ തിങ്കളാഴ്ച നടത്തിയ പ്രസ്താവന വെറുതെയല്ല, അങ്ങേയറ്റം ഗൗരവത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിക്ക് ഇന്ത്യയില്‍ ആയിരിക്കവേ ഈ വിഷയം താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട്, തുറന്നു സംസാരിച്ചതാണ്. തന്റെ ആശങ്കകള്‍ താന്‍ പങ്കുവച്ചത് സ്ഥിരതയില്ലാതെ അല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ട്രുഡോ ഉന്നയിച്ച ആരോപണങ്ങള്‍ മോദി നിഷേധിച്ചുവെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.





