
അന്താരാഷ്ട്ര തലത്തില്‍ പരിഗണിക്കപ്പെടുന്ന നഖ സൗന്ദര്യവുമായി ബന്ധപ്പെട്ട് വലിയ പ്രസിദ്ധിയുള്ളതുമായ പുരസ്ക്കാര ജേതാവായ ബ്യൂട്ടീഷ്യന് റഷ്യയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ സുന്ദരിയെന്ന് ബ്രിട്ടന്. ബള്ഗേറിയക്കാരിയും ബ്രിട്ടനില്‍ അനേകം ആരാധകരുള്ള സൗന്ദര്യപരിരക്ഷകയുമായ വാന്യ ഗബറോവയാണ് ചാരസുന്ദരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ഉടന്‍ വിചാരണയ്ക്ക് വിധേയമാക്കും.
മറ്റ് നാലുപേര്‍ക്കൊപ്പമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പശ്ചിമലണ്ടനില് ഒരു ബ്യൂട്ടീഷ്യന് കമ്പനി നടത്തുന്ന ഇവര്‍ 2020 ആഗസ്റ്റിനും ഈ വര്‍ഷം ഫെബ്രുവരിയ്ക്കും ഇടയില്‍ അനേകം വിവരങ്ങള്‍ ചോര്‍ത്തിയതായി കെണ്ടത്തിയതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം ആരോപിക്കുന്നു. 29 കാരിയായ സുന്ദരി വാന്യ വെസ്റ്റ് ലണ്ടനിലെ ഇവരുടെ സലൂണിനടുത്ത് ഫ്ളാറ്റില്‍ കാമുകനൊപ്പമാണ് കഴിയുന്നത്.
നാട്ടുകാര്‍ക്കും ഇടപാടുകാര്‍ക്കും ഇടയില്‍ വലിയ സ്വാധീനമുള്ള വാന്യയും മറ്റുള്ളവരും യുകെയിലെയും യൂറോപ്പിലെ മറ്റു പല സ്ഥലങ്ങളിലെയും പല നിര്‍ണ്ണായക വിവരങ്ങളും റഷ്യയ്ക്ക് കൈമാറിയെന്നാണ് ബ്രിട്ടന്റെ കണ്ടെത്തല്‍. ഏല്‍പ്പിച്ചിരുന്ന സ്ഥാപനങ്ങളില്‍ ഇവര്‍ നിരീക്ഷണം നടത്തുകയും ചെയ്തു. കണ്പീലി വിദഗ്ദ്ധ എന്നും ഐ ലാഷ് എഡ്യൂക്കേറ്റര്‍ എന്നുമാണ് വാന്യ സ്വയം വിശേഷിപ്പിച്ചിരുന്നത്. സൗന്ദര്യ വര്‍ദ്ധക ജോലികളില്‍ തനിക്ക് യുകെ, ബള്‍ഗേറിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നും അനേകം പുരസ്ക്കാരം കിട്ടിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ഇവര്‍ യുകെയിലും ബള്‍ഗേറിയയിലും മാത്രമല്ല റഷ്യയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. മറ്റ് നാലുപേര്‍ക്കൊപ്പമാണ് ഗബറോവയും പിടിയിലായത്. 45 വയസ്സുള്ള ഒര്ലിന് റൗസേവ്, 41 വയസ്സുള്ള ബിസര്‍ സാംബാസോവ്, 31 കാരിയായ കാതറീന് ഇവാനോവ, 31 കാരി ഇവാന് സ്റ്റോയാനോവ എന്നിവരെ സെപ്തംബര്‍ 26 ന് വെസ്റ്റിമിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
രാജ്യത്തിന്റെ സുരക്ഷയ്ക്കും താല്‍പ്പര്യത്തിനും എതിരായ ലക്ഷ്യത്തിനായി ശത്രുവിന് നേരിട്ടോ അല്ലാതെയോ ഉപയോഗപ്രദമാകുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഢാലോചന നടത്തിയെന്നണ് കുറ്റം. വ്യാജ ഐഡന്റിറ്റി രേഖകള്‍ ദുരുദ്ദേശത്തോടെ കൈവശം വച്ചതിന് മുമ്പ് റൂസെവ്, സംബസോവ്, ഇവാനോവ എന്നിവര്‍ക്ക് എതിരേ മുമ്പും കേസെടുത്തിട്ടുണ്ട്.






