
വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം വിട്ട ദൃശ്യങ്ങൾ വന്‍തോതിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്. മീററ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ്സിന്റെ ഡ്രൈവർക്ക് വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുകയും വാഹനം റോഡിൽ നിന്നും തെന്നി മാറി സുരക്ഷാ വേലി തകർത്ത് ഇടിച്ചുമറിയുകയുമായിരുന്നു. വീഡിയോ റെഡ്ഡിറ്റിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബസ്സിൽ ആകെ 50 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 20 പേർക്ക് പരിക്കേറ്റതായാണ് മസൂരി എസിപി നരേഷ് കുമാർ നൽകുന്ന വിവരം.
ദിവാരിയിലെ ഹവാ ഹവായ് റെസ്റ്റോറന്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. സ്ഥലത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ഡ്രൈവർക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടമായ സമയത്ത് റോഡിൽ അധികം വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും അപകടം സംഭവിച്ച ഉടൻ തന്നെ യാത്രക്കാരെയും ഡ്രൈവറെയും ബസ്സിനുള്ളിൽ നിന്നും പുറത്തിറക്കി. തുടർന്ന് പൊലീസിൻറെ സഹായത്തോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.






