
കട്ടപ്പന: ഐ.ടി.ഐ. കോളജില്‍ നിന്നും പഠനത്തിനുപയോഗിക്കുന്ന യന്ത്ര സാമഗ്രഹികള്‍ മോഷ്ടിച്ചു വിറ്റ കേസില്‍ കോളജിലെ രണ്ട് വിദ്യാര്‍ഥികളും ആക്രി വ്യാപാരിയും അറസ്റ്റിലായി. കഴിഞ്ഞ ഓണാവധിക്കാണ് മോഷണം നടന്നത്. മോഷ്ടിച്ച വസ്തുക്കള്‍ക്ക് ഏകദേശം ഏഴര ലക്ഷം രൂപ വില വരും. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു മോഷണം.
ഇതേ കോളജിലെ വിദ്യാര്‍ഥികളായ ആദിത്യന് (22), അലന്, ആക്രി വ്യാപാരി ഇരട്ടയാര്‍ പാറക്കോണത്ത് രാജേന്ദ്രന് (59) എന്നിവരാണു പിടിയിലായത്. കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു. മൂന്ന് എച്ച്.പിയുടെ നാല് ത്രീ ഫേസ് മോട്ടോറുകള്‍, 77 കിലോഗ്രാം തൂക്കം വരുന്ന അഞ്ച് ഇരുമ്പ് ദണ്ഡുകള്, ലെയ്ത്ത് മെഷിനിന്റെ 15 ചക്കുകള്‍ ഉള്‍പ്പടെ പതിനൊന്നു തരം യന്ത്ര സാമഗ്രികളാണ് ആദിത്യനും അലനും ചേര്‍ന്നു മോഷ്ടിച്ചത്. ഏഴ് ലക്ഷത്തി 40 ആയിരം രൂപ വില മതിക്കുന്ന യന്ത്ര ഭാഗങ്ങളാണിത്. കോളജിലെ വര്‍ക്ക് ഷോപ്പിന്റെ ജനാലയുടെ കമ്പി ഇളക്കിയാണ് ഇവര്‍ അകത്ത് കയറി യന്ത്രങ്ങള്‍ മോഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്.
തുടര്‍ന്ന് കാറില്‍ ഇരട്ടയാറിലെ ആക്രി കടയിലെത്തിച്ച് വില്‍ക്കുകയായിരുന്നു. അവധിക്ക് ശേഷം കോളജ് തുറന്നപ്പോഴാണ് യന്ത്ര സാമഗ്രഹികള്‍ കാണാതായത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദ അന്വേഷണത്തിനൊടുവിലാണ് മൂന്നു പേരും അറസ്റ്റിലായത്. കോളജില്‍ ആറ് സെക്യൂരിറ്റിമാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ മോഷണം നടന്നത് അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെയുമായി നടത്തിയ തെളിവെടുപ്പില്‍ പകുതിയിലധികം യന്ത്ര ഭാഗങ്ങളും ആക്രിക്കടയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ മോട്ടോറുകള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.






