
കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1946-ല്‍ തിരുവല്ലയില്‍ ജനിച്ചു. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു.
1975 ൽ സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് കെ.ജി ജോർജ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഇതുൾപ്പെടെ 9 സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കി. 2015 ൽ ജെ.സി ഡാനിയേൽ അവാർഡ് നൽകി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു.
മലയാള സിനിമാ ചരിത്രത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കെ ജി ജോര്‍ജ്. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം. ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക , ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. മമ്മൂട്ടി ചിത്രമായ ഇലവങ്കോട് ദേശമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ദീർഘകാലമായി അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.






