കൊള്ളപ്പലിശ നല്‍കിയില്ലെന്ന് ആരോപിച്ച് ബിഹാറില്‍ യുവതിയോട് കൊടും ക്രൂരത. ദളിത് യുവതിയെ നഗ്നയാക്കി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഒന്‍പതിനായിരം രൂപയ്ക്ക് 15000 പലിശ നല്‍കാത്തതിനെ തുടര്‍ന്നാണ് സംഭവം നടന്നത്. പട്നയിലാണ് ദളിത് യുവതിയെ ക്രൂരമായി മര്‍ദിച്ച് മുഖത്ത് മൂത്രമൊഴിച്ചത്. പ്രതികള്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. സംഭവം നടന്നത്
പട്ന ജില്ലയിലെ ഖുസ്റുപൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള മോഷിംപൂരിലാണ്.
പ്രമോദ് സിങ്, മകന് അന്‍ഷു സിങ് എന്നിവര്‍ ചേര്‍ന്നാണു യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്. പ്രമോദ് സിങ്ങില്‍ നിന്ന് ഏതാനും മാസങ്ങള്ക്കുമുന്പാണ് യുവതി 1,500 രൂപ കടം വാങ്ങിയത്. പലിശ സഹിതം ഇത് തിരിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ പലിശ ആവശ്യപ്പെടുകയായിരുന്നു ഇയാള്‍.
ഇത് തരാന്‍ പറ്റില്ലെന്നു വ്യക്തമാക്കിയതോടെയാണ് പ്രമോദ് ഭീഷണിയുമായി എത്തിയത്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ നഗ്നയാക്കി നടത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെതിരെ യുവതി ഖുസ്റുപൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ ചോദ്യംചെയ്യാനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തു. പൊലീസില്‍ ഹാജരായതിന് ശേഷം ഒരു സംഘവുമായി അന്നു രാത്രിതന്നെ പ്രമോദ് സിങ് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.വീട്ടില്‍ നിന്നും യുവതിയെ തട്ടികൊണ്ടുപോയി നഗ്നയാക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മകന് അന്‍ഷു സിങ്ങിനെ കൊണ്ട് മുഖത്ത് മൂത്രമൊഴിപ്പിക്കുകയായിരുന്നു. അക്രമികളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.






