
13 മണിക്കൂർ വിമാന യാത്രയിൽ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വന്നതിന് ന്യൂസിലാൻഡ് ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി. ദമ്പതികൾക്ക് 1,400 ഡോളറിലധികം തുകയാണ് വിമാന കമ്പനി തിരികെ നൽകിയത്. ദമ്പതികളായ ഗില്ലും വാറൻ പ്രസും സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ പാരീസിൽ നിന്ന് യാത്ര ചെയ്യവേ ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ദുർഗന്ധം വമിക്കുന്ന നായയായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ അസംതൃപ്തരായ ദമ്പതികൾ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നായയെ മറ്റൊരു സീറ്റിലേക്ക് മാറ്റാനോ ദമ്പതികൾക്ക് മറ്റൊരു സീറ്റ് നൽകാനോ ജീവനക്കാർക്ക് സാധിച്ചില്ല.
ഇവർക്ക് പ്രീമിയം ഇക്കോണമി സീറ്റുകളുടെ അഭാവം മൂലമാണ് മറ്റൊരു സീറ്റ് ലഭിക്കാതിരുന്നത്. ജീവനക്കാർ ഇക്കോണമി ഭാഗത്തിന്റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ തയ്യാറായില്ല. പ്രീമിയം ഇക്കോണമി സീറ്റുകൾക്കായി പണം നൽകിയതിനാൽ, തങ്ങള്‍ക്ക് ആ സീറ്റുകള്‍ തന്നെ വേണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തുടര്‍ച്ചായായി മണിക്കൂറുകളോളം നായയുടെ അരികിലിരുന്നുള്ള യാത്ര അസഹനീയമായതോടെ ദമ്പതികൾ ഇക്കോണമി സീറ്റിലേക്ക് മാറാൻ തീരുമാനിച്ചു. സംഭവത്തിന് ശേഷം എയർലൈൻ ദമ്പതികളോട് ക്ഷമാപണം നടത്തുകയും 73 ഡോളറിന്റെ രണ്ട് ഗിഫ്റ്റ് വൗച്ചറുകൾ അവർക്ക് നൽകുകയും ചെയ്തിരുന്നു.
എന്നാൽ, പ്രീമിയം ഇക്കോണമിയിൽ നിന്ന് ഇക്കോണമിയിലേക്ക് സീറ്റ് മാറിയതിനാൽ തങ്ങളുടെ ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ പരാതി നൽകുകയായിരുന്നു. എയർലൈൻ ഇതോടെ ഒരാൾക്ക് 200 ഡോളറിന്റെ യാത്രാ വൗച്ചർ വാഗ്ദാനം ചെയ്തു, എന്നാല്‍, ഈ സൗജന്യവും നിരസിച്ച ദമ്പതികൾ വീണ്ടും വിമാന ടിക്കറ്റ് ചാർജ് മുഴുവൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ സിംഗപ്പൂർ എയർലൈൻസ് ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷം ദമ്പതികളുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു.






