
മയിലുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍. 1998 നു ശേഷം കേരളത്തിലെ മയിലുകളുടെ എണ്ണത്തിലെ വര്‍ധന 150 ശതമാനമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, വയനാട്, ഇടുക്കി എന്നീ ജില്ലകളില്‍ മാത്രം കണ്ടിരുന്ന മയില്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലും കാണുന്നുണ്ട്. വരണ്ടതും പാറക്കെട്ടും കുറ്റിക്കാടുമുള്ള സ്ഥലങ്ങളാണ് മയിലുകളുടെ ആവാസ കേന്ദ്രം. അങ്ങനെയെങ്കില്‍ മയിലുകളുടെ ഈ പെരുകല്‍ കേരളം വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല വന്യജീവി പഠനവിഭാഗത്തിലെ ഡോ. പി.ഒ നമീര്‍ അഭിപ്രായപ്പെടുന്നത്.
ഇ-ബേര്‍ഡ് എന്ന സംവിധാനത്തിലൂടെ 30,000 പക്ഷിനിരീക്ഷകര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയിലിന്റെ എണ്ണം കൂടിയതായി മനസ്സിലായത്. വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവയടക്കം 13 സ്ഥാപനങ്ങളാണ് പഠനം നടത്തിയത്. 1963 ല്‍ ദേശീയ പക്ഷിയായി മയിലിനെ പ്രഖ്യാപിച്ച് സംരക്ഷണം ഉറപ്പാക്കിയതും എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 19 ശതമാനം ഭൂപ്രദേശവും മയിലുകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 2050 ഓടെ 40 ശതമാനമായി മാറുമെന്നാണ് കണ്ടെത്തല്‍.
അതേസമയം മയിലുകളുടെ വര്‍ധന കാര്‍ഷിക രംഗത്തും വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കാരണം കാര്‍ഷിക മേഖലയ്ക്ക് കാട്ടുപന്നികളെ പോലെ മയിലുകളും ശല്യം സൃഷ്ടിക്കുന്നുണ്ട്. ഭക്ഷ്യശൃംഖലയിലുണ്ടായ വ്യതിയാനമാണ് കാട്ടുപന്നിയുടെയും മയിലുകളുടെയും എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. നിലവില്‍ പലയിടത്തും നെല്ലും പച്ചക്കറികളും മയിലുകള്‍ നശിപ്പിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മയിലുകളെ നിയന്ത്രിക്കാന്‍ മനുഷ്യന് നിയന്ത്രണമുള്ളതു കൊണ്ട് തന്നെ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.






