
പൂനെ: ഡല്‍ഹിയില്‍ നിന്നും പൂനെയിലേക്ക് പറക്കാനുള്ള വിമാനയാത്രയില്‍ 100 യാത്രികര്‍ക്ക് പൈലറ്റ് വരാന്‍ വിമാനത്തിനുള്ളില്‍ കാത്തിരിക്കേണ്ടി വന്നത് രണ്ടു മണിക്കൂര്‍. തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ നിന്നും പൂനെയിലേക്ക് പോകാനുള്ള വിമാനമാണ് പൈലറ്റ് എത്താത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ രണ്ടു മണിക്കൂര്‍ ഇരിക്കേണ്ടി വന്നത്.
വൈകിട്ട് 7.10 ന് ഡല്‍ഹിയി നിന്നും എടുക്കേണ്ട വിമാനം പൂനെയില്‍ 9.10 നാണ് ലാന്റ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പൈലറ്റ് വരാതിരുന്നതിനെ തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ നിന്നും ഉയര്‍ന്നത് രാത്രി ഒമ്പത് മണിയോടെയായിരുന്നു. പൂനെയില്‍ എത്തിയതാകട്ടെ 11 മണിക്കും. ഇതേ വിമാനം പിറ്റേന്നും സമാന രീതിയില്‍ തന്നെ വൈകി. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കാത്തിരിക്കേണ്ടി വന്നു. എയര്‍ലൈന്‍ ജീവനക്കാര്‍ മനപ്പൂര്‍വ്വം കാര്യങ്ങള്‍ വൈകിപ്പിക്കുകയാണ് എന്നാണ് യാത്രക്കാരുടെ ആരോപണം.
രാത്രി പത്തുമണിയോടെ അന്വേഷിച്ചപ്പോള്‍ പൈലറ്റിനെ കിട്ടിയില്ലെന്ന് ഗ്രൗണ്ട് സ്റ്റാഫുകള്‍ മറുപടി നല്‍കിയെന്നും ഇവര്‍ പറഞ്ഞു. ഒടുവില്‍ പൈലറ്റ് എത്തിയപ്പോള്‍ സമയം 10.35 ആയി. പിന്നാലെ വിമാനം എടുത്തപ്പോഴാകട്ടെ സമയം 11.15 ആയി. വിമാനത്തില്‍ ഒരു മണിക്കൂറോളം ഇരിക്കേണ്ടി വന്നതായി ഒരു യാത്രക്കാരന് എക്സില്‍ കുറിച്ചു. പൈലറ്റ് വരാത്ത സാഹചര്യത്തില്‍ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തില്‍ ഒരു മണിക്കൂറോളമാണ് ചിലവഴിക്കേണ്ടി വന്നതെന്ന നീരജ് ശുക്ല എന്നയാളും കുറിച്ചു.
ഓപ്പറേഷണല്‍ പ്രശ്നങ്ങളാണെന്നായിരുന്നു യാത്രക്കാരുടെ പരാതിയില്‍ എയര്‍ ഇന്ത്യ എക്സില്‍ മറുപടിയായി കുറിച്ചത്. സമയത്ത് പൈലറ്റിനെ കിട്ടാത്തതിന് പല കാരണങ്ങളുണ്ടെന്നാണ് പൈലറ്റുമാര്‍ പറഞ്ഞത്. വ്യക്തിപരമായ അത്യാവശ്യങ്ങള്‍, ആരോഗ്യസ്ഥിതി, രോഗം, ക്ഷീണം എന്നിവയെല്ലാം കാരണമാണെന്നും ഇവര്‍ പറയുന്നു. ഇന്ത്യയില്‍ പൈലറ്റുമാരുടെ അഭാവമുണ്ടെന്നും അധികൃത പറയുന്നു.






