
ഷാരൂഖ് ഖാന്- അറ്റ്ലി കൂട്ടുകെട്ടില്‍ എത്തിയ ' ജവാന്' 1000 കോടിയും പിന്നിട്ട് വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും വമ്പന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വാരാന്ത്യത്തില്‍ ഒരു ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ട്ടെയിന്‍മെന്റ്സാണ് ഇക്കാര്യം സമൂഹമാധ്യമമായ എക്സിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
ബുക്ക് മൈ ഷോ, പേടിഎം, സിനിപൊളിസ് ഇന്ത്യ, പിവിആര്‍ സിനിമാസ്, ഐനോക്സ് സിനിമാസ് എന്നിവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ടിക്കറ്റ് എടുക്കുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. ഹിന്ദിയ്ക്ക് പുറമെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും ഓഫര്‍ ബാധകമാണ്.
ഷാരൂഖ് ഖാന്റെ സിനിമാ ജീവിതത്തിലെ തന്നെ വാണിജ്യപരമായി ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ജവാന്. സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം മുതല്‍ ഗംഭീര കളക്ഷനോടെ തുടങ്ങി 1000 കോടിയും പിന്നിടുമ്പോള്‍ കിംഗ് ഖാന് റെക്കോര്‍ഡ് സൃഷ്ടിക്കുന്ന രണ്ടാം ചിത്രമാവുകയാണ്.
ജവാനെ കൂടാതെ ആമിര്‍ ഖാന്റെ ദംഗല്‍, ആര്‍ആര്‍ആര്‍, പത്താന് എന്നിവയാണ് 1000 കോടി ക്ലബില്‍ കയറിയ മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. സംവിധായകന് അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമെന്ന തരത്തില്‍ ഏറ്റവും മികച്ച തുടക്കമാണ് ജവാനിലൂടെ ഹിന്ദി സിനിമയില്‍ സംഭവിച്ചിരിക്കുന്നത്. നയന്‍താര നായികയായ ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.







Comments