Authored by Web Desk | Last updated: 28 Sep 2023, 1:39 PM | 2 min read
ആനന്തകരമായ ലൈംഗികയില്നിന്ന് തുടങ്ങുന്നതാണ് പിറവിയുടെ രസതന്ത്രം. സുഗമമായ ഗര്‍ഭധാരണത്തിനും അല്ലലില്ലാത്ത ഗര്‍ഭകാലത്തിനും സുഖപ്രസവത്തിനും പങ്കാളികള്‍ തമ്മിലുള്ള ഗര്‍ഭപൂര്‍വ ലൈംഗികജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭര്‍ത്താവ് തന്റെ ലൈംഗികതൃപ്തിക്കായി സ്ത്രീയെ ഉപയോഗപ്പെടുത്തുകയും അതിനിടയില്‍ ഭാര്യ ഗര്‍ഭം ധരിക്കുകയും കുഞ്ഞു പിറക്കുകയും ചെയ്യുന്ന കാലം കഴിഞ്ഞു.
ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ ശാസ്ത്രീയ അറിവ് ഇല്ലാതിരുന്ന ഒരു കാലമായിരുന്നു അത്. ഭാര്യ അല്ലെങ്കില്‍ സ്ത്രീ പുരുഷന് അടിമയാണെന്ന ധാരണ ശക്തമായിരുന്നു അന്ന്. ഗര്‍ഭം ധരിക്കുന്നതിന്റെ ഉത്തരവാദിത്വം പോലും സ്ത്രീയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ അക്കാലത്തെ ആണ്‍മേല്‍ക്കോയ്മ ശ്രമിച്ചിരുന്നു. കാലമേറെ മാറിയപ്പോള്‍ ഗര്‍ഭധാരണം ദമ്പതിമാര്‍ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായി. അതുകൊണ്ടുതന്നെ ലൈംഗികതയ്ക്കിടയില്‍ 'സംഭവിച്ചുപോകുന്ന' ഒന്നല്ലാതായി ഇന്ന് ഗര്‍ഭധാരണം. ഇവിടെയാണ് ആരോഗ്യകരമായ ലൈംഗികബന്ധത്തിന്റെ പ്രസക്തി.
ലൈംഗികതയെക്കുറിച്ച് ശരിയായ അറിവ് വേണം
ആരോഗ്യകരമായ ലൈംഗികജീവിതത്തിന് അടിസ്ഥാനം ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവാണ്. വിവാഹം കഴിച്ച് ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്ന പുതുതലമുറയില്‍പ്പെട്ടവരും സെക്സിന്റെ മര്‍മ്മം അറിയുന്നില്ല. ലൈംഗികതയെക്കുറിച്ചോ, ഗര്‍ഭധാരണത്തെക്കുറിച്ചോ വേണ്ടത്ര അറിവില്ലാതെയാണ് വിവാഹജീവിതത്തിലേക്ക് യുവാക്കള്‍ കടന്നു ചെല്ലുന്നത്. സെക്സിനേക്കുറിച്ച് അറിഞ്ഞിട്ടുള്ളതും കേട്ടിട്ടുള്ളതുമെല്ലാം നിറംപിടിപ്പിച്ച ഇക്കിളിക്കഥകളായിരിക്കും. പ്രത്യുല്പാദനത്തിലേക്ക് നയിക്കുന്ന ലൈംഗികതയെക്കുറിച്ച് പലരും അജ്ഞരാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. യാഥാസ്ഥിതിക ചുറ്റുപാടില്‍ ജീവിച്ചുവരുന്ന പെണ്‍കുട്ടിക്ക് സെക്സിനെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവണമെന്നില്ല. ലൈംഗികമായ അറിവ് നേടുക എന്നത് വിവാഹിതയാവുന്ന പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ഗര്‍ഭാശയം, അതിന്റെ പ്രവര്‍ത്തനം, ഗര്‍ഭധാരണം, ശാരീരികബന്ധം തുടങ്ങിയ കാര്യങ്ങളില്‍ സാമാന്യ അറിവ് ഉണ്ടായിരിക്കണം. ഇതുകൂടാതെ പുരുഷ ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനങ്ങളും അറിഞ്ഞിരിക്കണം. ഇല്ലാത്തപക്ഷം ലൈംഗികത ഭീതിജനകവും വിരസവുമാവുകയും ചിലപ്പോള്‍ അത് ഗര്ഭധാരണത്തെപ്പോലും ബാധിച്ചെന്നുമിരിക്കും.
കുഞ്ഞിനായി ഒരുങ്ങാം...!
മധുവിധുവോടു കൂടിയാണ് ദാമ്പത്യത്തില്‍ സെക്സ് ആരംഭിക്കുന്നത്. ഇഷ്ടാനുഷ്ടാനുങ്ങള് തുറന്നു പറഞ്ഞ് സെക്സില്‍ ഒരു താളം കണ്ടെത്താല്‍ ദമ്പതിമാര്‍ ഈ കാലത്ത് ശ്രമിക്കേണ്ടതാണ്. ഗര്‍ഭധാരണത്തിനായി ശാരീരികവും മാനസികവുമായ തയാറെടുപ്പുകള്‍ ഇരുവരും നടത്തണം. ഈ സമയത്ത് തെളിഞ്ഞ മനസും വൃത്തിയുള്ള ശരീരവുമായി മാത്രം സെക്സിലേര്‍പ്പെടാന്‍ ശ്രമിക്കുക. ഗര്‍ഭധാരണത്തിനായി അടുത്തടുത്ത് ബന്ധപ്പെടേണ്ടിവരും. എന്നാല്‍ യാത്രകഴിഞ്ഞ് ക്ഷീണിതരായി കുളിക്കുകയോ, വസ്ത്രം മാറുകയോ ചെയ്യും മുമ്പ് സെക്സിലേര്‍പ്പെടാന്‍ പാടില്ല. വൃത്തിയും വെടിപ്പുമായ അന്തരീക്ഷം സെക്സ് ഉണര്‍ത്താന്‍ സഹായിക്കും. ശരീരശുദ്ധി ഇതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ലൈംഗികാവയവങ്ങള്‍ കഴുകി ശുദ്ധിവരുത്തിയതിനുശേഷം മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുക. അല്ലാത്തപക്ഷം സ്ത്രീജനനേന്ദ്രിയത്തില്‍ അണുബാധയുണ്ടാകാനും അത് ഗര്‍ഭധാരണത്തിന് തടസം സൃഷ്ടിക്കുന്ന അവസ്ഥയിലെത്തിയെന്നുംവരാം.
ലഹരി ഉപേക്ഷിക്കണം
സ്ത്രീയും പുരുഷനും ലഹരിവസ്തുക്കളുടെ ഉപയോഗം പാടേ ഉപേക്ഷിക്കണം. മദ്യപിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണം. പുരുഷന്മാരില് മദ്യപാനം, പുകവലി, പുകയില മുറുക്ക്, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവ ലൈംഗിക ആസ്വാദ്യകത കുറയ്ക്കുക മാത്രമല്ല ബീജത്തിന്റെ ആരോഗ്യത്തെയും അത് ബാധിച്ചെന്നിരിക്കും. മദ്യപാനം ലൈംഗികാസക്തി കൂട്ടുമെങ്കിലും ലൈംഗികശേഷി കുറയ്ക്കുമെന്ന വസ്തുത തിരിച്ചറിയുക. പൊതുവേ ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട് ലൈംഗിക താല്പര്യം കുറയ്ക്കുന്നു.