
സ്റ്റേഡിയത്തിൽ നിന്നും വളർത്തു നായയെ നടത്തുന്നതിനായി കായിക താരങ്ങളെ ഇറക്കിവിട്ട ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ കർശന നടപടി സ്വീകരിച്ച് ദില്ലി സർക്കാർ. ഇവർക്ക് അധികാര ദുർവിനിയോഗം നടത്തിയതിന് സർവീസിൽ നിന്നും നിർബന്ധിത വിരമിക്കൽ എടുക്കുന്നതിനുള്ള കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥയായ റിങ്കു ദുഗ്ഗയാണ് തന്റെ നായക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിക്കാൻ കഴിഞ്ഞവർഷം ഉത്തരവിട്ടത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
54 കാരിയായ റിങ്കു ദുഗ്ഗയും ഭർത്താവും ഐഎഎസ് ഓഫീസറുമായ സഞ്ജീവ് ഖിർവാറും കഴിഞ്ഞ വർഷമാണ് കായിക താരങ്ങളോട് സർക്കാർ നടത്തുന്ന ത്യാഗരാജ് സ്റ്റേഡിയം എത്രയും വേഗം ഒഴിയാൻ ഉത്തരവിട്ടത്. ആ സമയം കായിക താരങ്ങൾ അവരുടെ പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കായികതാരങ്ങളെ സ്റ്റേഡിയത്തിൽ നിന്നും ഇറക്കി വിട്ടതിന് ശേഷം തങ്ങളുടെ വളർത്തുനായക്കൊപ്പം ഇവർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കാനിറങ്ങി. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിച്ച ദില്ലി ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. തുടർന്ന് അടിയന്തര നടപടി എന്ന രീതിയിൽ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും റവന്യൂ വകുപ്പിൽ ദില്ലി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഭർത്താവ് സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും സ്ഥലം മാറ്റി.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ സെപ്റ്റംബർ 26 ന് റിങ്കു ദുഗ്ഗയുടെ നിർബന്ധിത വിരമിക്കൽ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1972 -ലെ സെൻട്രൽ സിവിൽ സർവീസസ് പെൻഷൻ റൂൾസിന്റെ അടിസ്ഥാന നിയമങ്ങൾ 56 ( റൂൾ 48 അനുസരിച്ചാണ് റിങ്കു ദുഗ്ഗയെ തന്റെ സ്ഥാനം രാജിവയ്ക്കാൻ പ്രേരിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.






