
ടൈറ്റന് ദുരന്തം സിനിമയാകുന്നു. പ്രമുഖ ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ മൈന്‍ഡ്റിയോട്ട് ആണ് ചിത്രത്തെപ്പറ്റിയുളള വിവരം പങ്കുവെച്ചത്. 'സാല്‍വേജ്ഡ്' എന്നാണ് പേര്. ഇബ്രയാന് ഡബ്ബിന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
ജസ്റ്റിന് മഗ്രേഗര്‍, ജോനാഥന് കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആദരവായിരിക്കും ചിത്രമെന്ന് ജോനാഥന് കേസി പറഞ്ഞു. സത്യമാണ് വലുതെന്നും ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ജൂണ്‍ മാസത്തിലായിരുന്നു ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേയ്ക്ക് പോയ വിനോദസഞ്ചാര പേടകം 'ടൈറ്റന്' അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാന്‍ഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകന് സുലെമാന്, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന് ഉടമ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി എന്നിവരായിരുന്നു അന്തര്‍വാഹിനിയിലെ യാത്രക്കാര്‍.






