പ്രായമായി കഴിഞ്ഞാല്‍ വീട്ടിലോ റിട്ടയര്‍മെന്റ് ഹോമിലോ ജീവിതം ചെലവഴിക്കുകയാണ് അധികം ആളുകളും ചെയ്യാറ്. എന്നാല്‍ ഓസ്ട്രേലിലെ ഈ ദമ്പതികള്‍ ചെയ്തത് അതില്‍നിന്ന് വ്യത്യസ്തമായ കാര്യമാണ്. ഇവര്‍ ഏകദേശം അഞ്ഞൂറോളം ദിവസം കടലിലാണ് ജീവിച്ചത്.എന്നുവച്ചാല്‍ അക്കാലമത്രയും ഒരു ആഡംബരക്കപ്പലിലാണ് മാര്‍ട്ടി - ജെസ്സ് ആന്‍സണ്‍ ദമ്പതികള്‍ കഴിഞ്ഞത്. കൊവിഡിന് ശേഷമാണ് ഇരുവരും 'കോറല്‍ പ്രിന്‍സസ്' എന്ന കപ്പലിലുള്ള തങ്ങളുടെ യാത്ര ആരംഭിച്ചത്.
ആടിയും പാടിയും ജീവിതാവസാനം വരെ നിലനിന്നേക്കാവുന്ന സുഹൃത്തുക്കളെയുണ്ടാക്കിയും ആ ദിനങ്ങള്‍ അവര്‍ ആഘോഷമാക്കി തീര്‍ക്കുകയായിരുന്നു. അവര്‍ തങ്ങളുടെ യാത്ര ആരംഭിച്ചത് 2000 യാത്രക്കാരെ ഉള്ക്കൊളിക്കാവുന്ന കപ്പലിലാണ്. മാര്‍ട്ടിയും ജെസ്സും കപ്പലില്‍ സെലിബ്രിറ്റികള്‍ തന്നെയാണ്. കാരണം, ഇത്രയധികം ദിവസങ്ങള്‍ കപ്പലില്‍ തന്നെ തുടരുന്നവര്‍ കുറവാണല്ലോ. അവരുടെ കഥ കേട്ട് പ്രചോദിതരായി ആളുകള്‍ അവരെ കാണാന്‍ വേണ്ടി മാത്രം കുറച്ച് ദിവസങ്ങള്‍ കപ്പലില്‍ കഴിയാന്‍ എത്തുന്ന അവസ്ഥ വരെയുണ്ടായിരുന്നു എന്നാണ് പറയുന്നത്. അത്തരത്തിലൊരു കപ്പല്‍ തിരഞ്ഞെടുക്കാനായി അവര്‍ വേറെ ഒരു കാരണം കൂടി പറയുന്നുണ്ട്. റിട്ടയര്‍മെന്റ് ഹോമില്‍ താമസിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണ് ഈ യാത്രയ്ക്ക് എന്നാണ് ഇവരുടെ പക്ഷം. മാത്രമല്ല, ലോകം ചുറ്റുകയും മൊത്തത്തില്‍ അടിച്ചു പൊളിക്കുകയും ചെയ്യാമല്ലോ.
ഇവര്‍ ഇതിന് മുന്‍പും നിരവധി കപ്പല്‍ യാത്രകള്‍ നടത്തിയട്ടുണ്ട്.എന്നിരുന്നാലും ഇത്രയധികം നീണ്ട കാലം കപ്പലില്‍ തന്നെ കഴിയാനുള്ള തീരുമാനം ഇവരെടുക്കുന്നത് കൊവിഡിന് ശേഷമാണ്. ഭക്ഷണം പാകം ചെയ്യണ്ട, മുറി വൃത്തിയാക്കണ്ട അങ്ങനെ ആകെ രസമാണ് കപ്പലിലെ ജീവിതം എന്നാണ് ഇരുവരുടേയും അഭിപ്രായം. രാവിലെ ടേബിള്‍ ടെന്നിസ് കളിച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ശേഷം രമ്ട് ബിയറുകള് പൊട്ടിച്ച് ബാല്‍ക്കണിയില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ട് ആസ്വദിക്കുന്നു. ഇനി വരും ദിവസങ്ങളില്‍ ഇവര്‍ ഹവായ് ചുറ്റി സഞ്ചരിക്കും. ഇവരുടെ യാത്രയില്‍ ഇനി എട്ട് മാസം കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞ് കരയില്‍ എത്തിയാലും 'ക്രൗണ്‍ പ്രിന്‍സസ്' എന്ന കപ്പലില്‍ ഒരു വര്‍ഷത്തെ യാത്രയ്ക്ക് പ്ലാന്‍ ചെയ്തിരിക്കയാണ് ഇരുവരും.






