
ന്യൂഡല്‍ഹി: എഴുത്തുകാരി ഗീതാഹരിഹരന്റെയും ചരിത്രകാരന് സൊഹൈല്‍ ഹാഷ്മിയുടേയും വീടുകളിലും ഡല്‍ഹിയിലെ വിവിധ മാധ്യമപ്രവര്‍ത്തകരുടെയും വീടുകളില്‍ റെയ്ഡ്. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമായ ഏകദേശം പത്തിലധികം പേരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയതായും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ്ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലാണ് ഇന്ന് രാവിലെ റെയ്ഡ് നടന്നതെന്നാണ് വിവരം. ചൈനയില്‍ നിന്നുള്ള ഫണ്ട് ന്യൂസ് പോര്‍ട്ടലിന് കിട്ടുന്നുണ്ടെന്ന ആരോപണത്തിലാണ് റെയ്ഡെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം റെയ്ഡിന്റെ കാരണം അറിയില്ലെന്നാണ് വിധേയരായവരുടെ പ്രതികരണം. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസ് ഔദ്യോഗികമായ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.
ഡല്‍ഹിപോലീസിലെ സ്പെഷ്യല്‍ സെല്ലില്‍ നിന്നുള്ള ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന. ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രബീര്‍ പുരകയസ്ത വാര്‍ത്താ പോര്‍ട്ടലിനെതിരായ നടപടികളില്‍ പ്രതികരിച്ചിരുന്നു. 'വിവിധ ഏജന്‍സികളുടെ ഈ അന്വേഷണങ്ങളും ഈ തിരഞ്ഞെടുത്ത ആരോപണങ്ങളും ന്യൂസ്ക്ലിക്ക് ഉള്‍പ്പെടെയുള്ള മാധ്യമ സംഘടനകളുടെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഇതുവരെ ഒരു അറസ്റ്റും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ചില മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. മുമ്പ്് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരേ കേസ് റജിസ്റ്റര്‍ ചെയ്യുകയും ഇതിന്റെ ഫണ്ടിംഗിനെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. നികുതി വെട്ടിപ്പ് കേസില്‍ 2021ല്‍ ന്യൂസ് പോര്‍ട്ടലിന്റെ ഓഫീസുകളിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
ചൈനീസ് അജണ്ഡയുടെ ഭാഗമായി ഒരു അമേരിക്കന്‍ കോടീശ്വരനാണ് ന്യൂസ് ക്ലിക്ക് അടക്കമുള്ള സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നതെന്ന് നേരത്തേ ആഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 മുതല്‍ ന്യൂസ്പോര്‍ട്ടലിന്റെ ഫണ്ടിംഗ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഡല്‍ഹിയിലെ സാമ്പത്തീക കുറ്റാന്വേഷണ വിഭാഗം ഇക്കാര്യത്തില്‍ കേസെടുത്തിട്ടുണ്ട്. ന്യൂസ്ക്ലിക്ക് പ്രൊമോട്ടര്‍മാര്‍ക്ക് അറസ്റ്റില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി സംരക്ഷണം നല്കി, വിഷയം ഇപ്പോള്‍ കോടതിയിലാണ്.





