
നാടക രംഗത്തുനിന്നും സിനിമയിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് പ്രമോദ് വെളിയനാട്. കിംഗ് ഓഫ് കൊത്തയാണ് പ്രമോദ് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം . ഏറെ പ്രതീക്ഷകളോടെ, പ്രൊമോഷനോടെ എത്തിയ ചിത്രം പക്ഷെ തിയേറ്ററുകളില്‍ വിജയം കണ്ടില്ല. ഇപ്പോഴിതാ റിലീസിനു മുന്‍പ് പ്രമോദ് ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യന്‍ മീഡിയയില്‍ ട്രോളുകളായി പ്രചരിക്കുന്നത്.
തിയേറ്ററില്‍ പ്രകമ്പടനം സൃഷ്ടിക്കുന്ന ചിത്രമാകും കിംഗ് ഓഫ് കൊത്ത എന്നെല്ലാം ആയിരുന്നു പ്രമോദിന്റെ പ്രതികരണം. അതുവച്ച് കളിയാക്കിയാണ് മീമുകള്‍ പ്രചരിക്കുന്നത്. ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ വേദനയുണ്ടെന്ന് വെളിപ്പെടുത്തുകയാണെന്ന് പറയുകയാണ് പ്രമോദ. തനിക്ക് ഒരുനേരത്തെ ഭക്ഷണം തന്ന്, വീട്ടിലേക്ക് ഒരുനേരത്തെ ആഹാരം തന്ന സിനിമയെ കുറിച്ച് മോശം പടമാണെന്ന് പറയണമോ എന്നും പ്രമോദ് ചോദിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ പ്രതികരണത്തിലായിരുന്നു പ്രമോദിന്റെ വെളിപ്പെടുത്തല്‍ .
പ്രമോദ് വെളിയനാടിന്റെ വാക്കുകള്‍
''എനിക്ക് നൂറില്‍ നൂറ്റമ്പതാണ് ആ സിനിമ. അഭിമുഖത്തിനിടയില്‍ ഞാന്‍ കുറച്ച് കമന്റുകള്‍ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. എന്റെ ജീവിതത്തില്‍ അത്രയും വലിയൊരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. അത്രയും ഫെസിലിറ്റി എനിക്കൊരു സിനിമയും തന്നിട്ടില്ല. അത്ഭുതലോകത്ത് നിന്ന് കാണുന്നത് പോലെയാണ് ഞാന്‍ സിനിമയെ കണ്ടത്. അപ്പോഴെനിക്ക് മനസിലായി ഈ സിനിമ ബമ്പര്‍ ഹിറ്റായിരിക്കുമെന്ന്. അത് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തില്‍ നായകന് നൂറ് കയ്യടി കിട്ടിയാല്‍, അതില്‍ പത്ത് കയ്യടി ഞാന്‍ എടുക്കുമെന്ന് പറഞ്ഞു. കാരണം അത് നായകന്റെ ഇന്‍ട്രോ സീന്‍ ആണ്. എന്നെ കൊല്ലുന്നതാണ് പുള്ളിയുടെ ഇന്‍ട്രോ. ഞാനാണ് തള്ള് തുടങ്ങിയതെന്ന് പറഞ്ഞ് ഇനി പറയാന്‍ ഒന്നുമില്ല. എനിക്ക് ഒരുനേരത്തെ ഭക്ഷണം തന്ന്, വീട്ടിലേക്ക് ഒരുനേരത്തെ ആഹാരം തന്ന സിനിമയെ കുറിച്ച് ഞാന്‍ മോശം പടമാണെന്ന് പറയണമോ ? നിങ്ങളെ കുറിച്ച് നിങ്ങളുടെ മാതാപിതാക്കള്‍ക്ക് എന്ത് അഭിപ്രായമാണ് ? നല്ലതായിരിക്കും. പക്ഷേ ആ അഭിപ്രായം നാട്ടുകാര്‍ക്ക് വേണമെന്ന് വാശിപിടിക്കരുത്. എനിക്ക് ആ സിനിമ പൊന്നാണ്. എന്റെ കരിയറില്‍ എടുത്ത് വയ്ക്കാന്‍ പറ്റിയ സിനിമയാണ്. അതിനെ മോശമാണെന്ന് പറയണമോ? ഞാന്‍ തള്ളിയതല്ല എന്റെ പൊന്ന് ചങ്ങാതിമാരെ. ഞാന്‍ കണ്ട കാഴ്ചകളാണ് പറഞ്ഞത്. നിങ്ങള്‍ക്ക് ആ കാഴ്ച കാണാന്‍ സാധിച്ചില്ലെങ്കില്‍ അതെന്റെ കുഴപ്പം കൊണ്ടല്ല. വേദന ആയിപ്പോയി. സത്യമായിട്ടും സഹിക്കാന്‍ വയ്യാത്ത വേദന ആയിപ്പോയി.
മലയാള നാടക വേദിയുടെ നെറുകയില്‍ നിന്നാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അമ്പലപറമ്പിലും പള്ളിപ്പറമ്പിലും പട്ടി നടക്കുമ്പോലെ ഞാന്‍ നടന്നിട്ടുണ്ട്. ഒരു വേഷത്തിന് വേണ്ടി. പണ്ട് വെള്ളിനക്ഷത്രവും നാനയുമൊക്കെ വായിക്കും. ഇവരെ പോലെ ആകണം എന്ന കൊതിയായിരുന്നു. മമ്മൂക്ക ഒരു ജീന്‍സിന്റെ ഷര്‍ട്ടും പാന്റും ഇട്ട് കാറിന് മുന്നില്‍ നില്ക്കുന്ന ഒരു പടം ഞാന്‍ വെട്ടിയെടുത്ത് ആ മുഖത്തില്‍ എന്റെ പടം ഒട്ടിച്ചവനാണ് ഞാന്‍. ഭിത്തിയില്‍ അത് ഒട്ടിച്ചിട്ട് നോക്കി കിടക്കും. അവിടെ വരണം എന്ന് ആഗ്രഹമായിരുന്നു. അവിടുന്നാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ വന്ന് നില്‍ക്കുന്നത്. എനിക്കിത് സ്വര്‍ഗം ആണ്. ഞാന്‍ ജോലി ചെയ്ത ഒരു സിനിമ നല്ലത് ആണെന്നല്ലാതെ ഞാന്‍ എന്താ പറയേണ്ടത്. അങ്ങനെ പറയാന്‍ സാധിക്കുമോ. ഇവനാണ് തള്ളിത്തുടങ്ങിയത് എന്നൊക്കെയാണ് പറയുന്നത്. ഞാന്‍ കണ്ടതാണ് നിങ്ങളോട് പറഞ്ഞത്. പ്ലീസ് ഉപദ്രവിക്കരുത്. '






