
അക്രമാസക്തരായ വന്യമൃഗങ്ങളുടെ വേട്ടയാടലിന്റെ ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് എന്നും കൗതുകമാണ്. കരുത്തരെന്ന് തോന്നിപ്പിക്കുന്ന മൃഗങ്ങളെപോലും തക്കം നോക്കി വേട്ടയാടുന്ന ശത്രു മൃഗങ്ങള്‍ കാണികളില്‍ അമ്പരപ്പ് സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ കാട്ടില്‍ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയാനെയെ തക്കം നോക്കി പിന്തുടര്ന്ന് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടം സിംഹങ്ങളുടെ വീഡിയോയാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തില്‍ നിന്നുമാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടത്. ജംഗിള്‍ സഫാരിക്കെത്തിയ ബ്രന്റ് ഷ്നുപ് എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വൈറലായ വീഡിയോയില്‍ വനപാതയിലൂടെ ഒരു സിംഹം നടന്നു നീങ്ങുന്നത് കണ്ടാണ് സഫാരി സംഘം ശ്രദ്ധിച്ചത്. റോഡു മുറിച്ചുകടന്ന സിംഹത്തിനൊപ്പം മറ്റു രണ്ടു സിംഹങ്ങള്‍ കൂടി ചേര്‍ന്നു. സ്വസ്ഥമായി അവയൊന്നിച്ച് സമയം ചെലവിടുന്നതിനിടെയാണ് വനത്തിനുള്ളില്‍ നിന്നും ഒരു പിടിയാന പുറത്തുവന്നത്. ഏറെ പരിഭ്രാന്തയായ ആന വേഗത്തില്‍ വനപാത കടന്ന് മറുവശത്തേക്ക് പോയി. എന്നാല്‍ ഒപ്പമുണ്ടായിരുന്ന കുട്ടിയാനയെ ശ്രദ്ധിച്ചില്ല.
ഇതോടെ കൂട്ടിന് ആളില്ലാതെ സിംഹങ്ങള്‍ക്ക് നടുവില്‍ പെടുകയായിരുന്നു കുട്ടിയാന. അവിടെനിന്നും കുട്ടിയാന ഓടി. പിന്നാലെ തന്നെ സിംഹകൂട്ടത്തിലെ ഏറ്റവും ചെറിയവനും ഉണ്ടായിരുന്നു. തന്നാലാവും വിധം സിംഹത്തെ ഭയപ്പെടുത്താന്‍ കുട്ടിയാന ശ്രമിക്കുകയും ഇതില്‍ സിംഹം പകച്ചുപോകുന്നതും കാണാം. ഉടന്‍തന്നെ കുട്ടിയാന അവിടെനിന്നും രക്ഷപ്പെട്ട് വനപാത മുറിച്ചു കടന്നെങ്കിലും സിംഹങ്ങള്‍ പിന്നാലെ ഉണ്ടായിരുന്നു. ഏതായാലും സിംഹങ്ങള്‍ ആക്രമിക്കും മുന്‍പെ കുട്ടിയാന രക്ഷപ്പെട്ട് ഉള്‍വനത്തിലേക്ക് പോകുന്നതും സിംഹങ്ങള്‍ പിന്‍വാങ്ങുന്നതുമാണ് വീഡിയോയുടെ അവസാനം കാണുന്നത്.






