
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ക്രമക്കേടില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകാതെ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് കരുവന്നൂരില്‍ ചുമതല നല്‍കുമെന്നും മന്ത്രി വി എന്‍ വാസവന് വ്യക്തമാക്കി.
തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിന് 12 കോടി നിഷേപം നല്‍കും. ക്രമക്കേട് കാണിച്ചവരില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്കി. കേരളബാങ്കില്‍ നിന്ന് കിട്ടാനുള്ള പന്ത്രണ്ട് കോടിയുടെ നിക്ഷേപം കരുവന്നൂര്‍ ബാങ്കിന് നല്‍കും. നിക്ഷേപകരുടെ പണം പൂര്‍ണമായും നല്‍കും. ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് വി എന്‍ വാസവന് പറഞ്ഞു.
2011 മുതല്‍ കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. ക്രമക്കേടിനെതിരെ 2019 ല്‍ ആണ് പരാതി ലഭിച്ചത്. സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചു. പോലീസും ക്രൈംബ്രാഞ്ചും കേസ് എടുത്തു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേയും ഭരണസമിതിക്കുമെതിരേയും നടപടി എടുത്തെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ വകുപ്പും സംഭവം അന്വേഷിച്ചിരുന്നു. 18 എഫ്ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രമക്കേട് നടത്തിയവരില്‍ നിന്ന് നഷ്ടമായ പണം തിരിച്ചു ഈടാക്കുന്നതിന് വേണ്ടി സഹകരണ വകുപ്പിലെ 68,1,2 വകുപ്പുകള്‍ പ്രകാരം ഹിയറിങ് നടത്തി നടപടികള്‍ സ്വീകരിച്ചു.
കരുവന്നൂരിലെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയും. നിലവിലെ പ്രഖ്യാപനങ്ങള്‍ക്ക് ആര്‍ബിഐ ചട്ടങ്ങള്‍ തടസമല്ല. സഹകരണ ബാങ്കുകളില്‍ ആഴ്ച തോറും ഓഡിറ്റ് നടത്തും. ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ബാങ്കിന്റെ ഓഡിറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇഡി ഇടപെടല്‍ കാരണം ഇടപാടുകള്‍ മരവിപ്പിച്ചെന്നും സഹകരണ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളാ ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വി എന്‍ വാസവന്റെ പ്രതികരണം.






