
പീരുമേട്: കനത്ത മഴയിലും മൂടല്‍മഞ്ഞിലും മലമുകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ മണിക്കൂറുകള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. പാമ്പനാര്‍ കൈലാസനഗരി കാണാനെത്തിയ നാലംഗസംഘമാണ് രാത്രിയില്‍ മലമുകളില്‍ കുടുങ്ങിയത്.
കാഞ്ഞിരപ്പള്ളി ചെറുവള്ളി സ്വദേശികളായ അനന്ദു, ബാലകൃഷ്ണന്, വിനായകന്, ശ്രീലാല്‍ എന്നിവരാണ് കെലാസപ്പാറമലയില് അകപ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഘം പാമ്പനാറ്റില്നിന്നു കൈലാസപ്പാറമലയിലേക്ക് കയറിയത്.
വൈകിട്ടോടെ തിരികെ ഇറങ്ങുന്നതിനിടെ കനത്തമഞ്ഞും മഴയും കാരണം വഴി തെറ്റി. തുടര്‍ന്ന് രാത്രി ഏഴരയോടെ ഇവര്‍ തന്നെ മൊെബെല്‍ ഫോണിലൂടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
രാത്രി എട്ടോടെ കൈലാസപ്പാറ പ്രദേശത്തെത്തിയ അഗ്നിരക്ഷാസേന മലമുകളില്‍ തെരച്ചില്‍ നടത്തി യുവാക്കളെ കണ്ടെത്തി. ദിശയറിയാതെ മലമുകളില്‍ ഇരിക്കുകയായിരുന്ന യുവാക്കളെ രാത്രി പത്തോടെ താഴെയിറക്കി.
കനത്ത മൂടല്മഞ്ഞായതിനാലും മലയില്‍ മൊെബെല്‍ ഫോണിന് റേഞ്ച് ഇല്ലാതിരുന്നതും രക്ഷാ പ്രവര്‍ത്തനം വൈകാന്‍ കാരണമായി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ മധുസൂദനന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എ. അന്‍ഷാദ്, ബിബിന്‍ സെബാസ്റ്റിയന്, അരുണ്‍, ഫയര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.






