സ്റ്റോക്ക്ഹോം: 2023ലെ രസതന്ത്ര ശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജേതാക്കളുടെ പേരുകള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. പേരുകള്‍ ചോരുന്നത് പുരസ്കാര അക്കാദമിയില്‍ അപൂര്‍വ്വ സംഭവമാണ്. വളരെയേറെ നടപടിക്രമങ്ങള്‍ക്കു ശേഷം പ്രഖ്യാപന സമയത്തു മാത്രമേ പേരുകള്‍ വ്യക്തമാകൂ.
എന്നാല്‍ റോയല്‍ സ്വീഡീഷ് അക്കാദമി ഓഫ് സയന്‍സസില്‍ നിന്നും അമേരിക്കന്‍ സ്വദേശികളായ മൂന്നു രസതന്ത്രജ്ഞരുടെ പേരുകള്‍ സ്വീഡീഷ് ടെലിവിഷന്‍ ആന്റ് റേഡിയോ പബ്ലിക് ബ്രോഡ്കാസ്റ്റേഴ്സ്, ദിനപത്രമായ ഡാഗന്‍സ് നൈഹെറ്റര്‍ എന്നിവയ്ക്ക്് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നത് വരെ ഇതേ കുറിച്ച് പ്രതികരിക്കാനില്ലെന്നും, അത് പരിശോധിച്ചുവരികയാണെന്നും അക്കാദമി മാധ്യമ വക്താവ് ഈവ നെവെല്യൂസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞൂ.
മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള മോങി ബവേന്ദി, കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ലൂയി ബ്രൂസ്്, നാനോക്രിസ്റ്റല്‍സ് ടെക്നോളജിയില്‍ നിന്നുള്ള അലക്സി എകിമോവ് എന്നിവരാണ് പുരസ്കാര ജേതാക്കളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്വാണ്ടം ഡോട്ട്സിന്റെ സങ്കലനവും ആവിഷ്കരണവുമാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.






