
മുസഫര്‍പൂര്‍: ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ അജ്ഞാതന്‍ വെടിവെച്ചുകൊന്നു. സാജിദ അഫ്രിന് (35) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ചന്ദ്വാര അലി മിര്‍സ റോഡിലാണ് സംഭവം. കൊലപാതകത്തിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഫിസിയോതെറാപ്പി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു സാജിദ. ഇവരെ പിന്തുടര്‍ന്ന പ്രതികളിലൊരാള്‍ യുവതിയുടെ തൊട്ടടുത്ത് എത്തിയപ്പോള്‍ പിന്നില്‍നിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. റോഡില്‍ പിടഞ്ഞുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ക്രൂരകൃത്യം നടത്തിയയാള്‍ നാലുസെക്കന്ഡിനുള്ളില് റോഡരികില്‍ ബൈക്കില്‍ കാത്തുനിന്ന കൂട്ടാളിയോടൊപ്പം രക്ഷപ്പെട്ടു.
വിവരറിഞ്ഞ് ടൗണ്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ശ്രീകൃഷണ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.







Comments