
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കളള്ളപ്പണക്കേസില് ആം ആദ്മി പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടി. അഴിമതി പണം പാര്‍ട്ടി ഫണ്ടിലേക്കാണ് പോയിരിക്കുന്നതെന്ന് സിബിഐ സുപ്രീം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍, എങ്കില്‍ പിന്നെ എന്തുകൊണ്ട് ഗുണഭോക്താക്കളുടെ പട്ടികയില്‍ പാര്‍ട്ടിയെ ഉള്‍പ്പെടുത്തിയില്ല എന്ന മറുചോദ്യം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് എഎപിയെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇ.ഡിയുടെ നീക്കം.
നിയമോപദേശം തേടിയാലും പാര്‍ട്ടിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അന്തിമ തീരുമാനം അന്വേഷണ ഉദ്യോഗസ്ഥരുടേതായിരിക്കും.
കേസില്‍ ഇ.ഡി ഇന്നലെ നടത്തിയ റെയ്ഡിനു പിന്നാലെ എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിനെ അറസ്റ്റു ചെയ്തിരുന്നു. സഞ്ജയ് സിംഗിന്റെ കൂട്ടാളികളെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സഞ്ജയ് സിംഗിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയയുടെ സഹായി ദിനേശ് അറോറയും വൈഎസ്ആര്‍സിപി എം.പി മുകുന്ദ റെഡ്ഡിയുടെ മകന് രാഘവ് മുകുന്ദയും കേസില്‍ മാപ്പുസാക്ഷികളായി മാറിയിട്ടുണ്ട്. ദിനേശ് അറോറയെ ഭീഷണിപ്പെടുത്തിയാണ് മാപ്പുസാക്ഷിയാക്കിയതെന്ന് എഎപി നേതാവ് അതിഷി ആരോപിച്ചു. ദിനേശ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐ മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തത്. സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം നടക്കും.






