
കൊച്ചി : മുനമ്പത്ത് വളളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരച്ചിൽ നടത്തുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് പേരെ കണ്ടെത്താനുണ്ട്. നേവി, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.
ഇന്നലെ ബോട്ട്മുങ്ങി നാല് പേരെ കാണാതായിരുന്നു. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽപെട്ടത്. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ വെളളിയാഴ്ച രാത്രി എട്ടോടെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.കാണാതായവർക്കായി തിരച്ചിൽ നടക്കുകയാണ്.
അപകടം സർക്കാരിന്റെ നിരുത്തരവാദിത്തത്തിന്റെ അനന്തരഫലമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി കുറ്റപ്പെടുത്തി. മത്സ്യബന്ധന യാനങ്ങളുടെ മോണിറ്ററിങ്ങിനായി കേന്ദ്രസർക്കാർ നിർദ്ദേശിച്ച നാവിക് സംവിധാനം നടപ്പിലാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് മാധ്യമങ്ങളോട്പറഞ്ഞു.






