.jpg)
തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമാണ് പ്രിയാമണി. മലയാളത്തിൽ ചുരുക്കം സിനിമകളേ ചെയ്തിട്ടുള്ളൂവെങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ജനപ്രീതിയും താരം നേടിയിട്ടുണ്ട്. പ്രേക്ഷക സ്വീകാര്യത നേടിയ തിരക്കഥ, പുതിയമുഖം, ഗ്രാന്റ് മാസ്റ്റര്‍, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് തുടങ്ങിയ സിനിമകളിൽ പ്രിയമണിയുടെ മികച്ച കഥാപാത്രങ്ങൾ കാണാം. തിരക്കഥ എന്ന ചിത്രത്തിലെ പ്രിയാമണിയുടെ പ്രകടനം ഏറെ പ്രശംസ നേടി. നീണ്ട ഇടവേളയ്ക്കു ശേഷം ജിത്തു ജോസഫ്-മോഹൻലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന നേര് എന്ന സിനിമയിലൂടെ താരം തിരിച്ചെത്തുകയാണ്. ഗ്രാന്റ് മാസ്റ്ററിന് ശേഷം മോഹൻലാലിനൊപ്പം പ്രിയാമണി വീണ്ടും അഭിനയിക്കുന്ന സിനിമയാണ് നേര്.
പ്രിയാമണിക്കൊപ്പം ഒന്നിലേറെ സിനിമകള്‍ ചെയ്ത നടനാണ് പൃഥിരാജ്. ഇപ്പോഴിതാ പൃഥിരാജിനെക്കുറിച്ച് പ്രിയാമണി ഒരു മാധ്യമത്തോട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. "വിനയൻ സാറിന്റെ ഓഫീസ് മുഖേനെയാണ് സത്യം സിനിമയിലേക്ക് കോള്‍ വന്നതെന്ന് തോന്നുന്നു. അന്ന് പൃഥിരാജ് ആരാണെന്ന് പോലും എനിക്ക് അറിയില്ല. മലയാള സിനിമയുമായി ഒരു ബന്ധവും അന്നില്ല. പത്തൊൻപതോ ഇരുപതോ വയസായിരുന്നു. അവിടെ ഓഡിഷൻ ഒന്നുമില്ല. നേരിട്ട് ഷൂട്ട് തുടങ്ങി. ബാംഗ്ലൂരില്‍ അമ്മൂമ്മ മലയാളം സീരിയലുകള്‍ കാണുമായിരുന്നു. ഭാഷ മനസിലാകുമെങ്കിലും തിരിച്ച് പറയാൻ ബുദ്ധിമുട്ടായിരുന്നു.
അമ്മൂമ്മയോടൊപ്പം മലയാളം സീരീയലും സിനിമകളും ടിവിയില്‍ കണ്ട് മലയാള സിനിമാ രംഗത്തോട് ഒരു താല്പര്യം വന്നിരുന്നു. എന്റെ അമ്മയും പൃഥിയുടെ അമ്മയും കോളേജ് മേറ്റുകളാണ്. അന്ന് അമ്മ ലത ബാഡ്മിന്റണ്‍ പ്ലേയര്‍ ആയതിനാല്‍ സെലിബ്രിറ്റി ആയിരുന്നു. ഒരിക്കല്‍ മല്ലികാന്റി സെറ്റില്‍ വന്നപ്പോള്‍ ലത കൈലാസ് അക്കാലത്ത് ജീൻസൊക്കെയിട്ട് കോളേജില്‍ വന്നിരുന്നെന്ന് എന്നോട് പറഞ്ഞു. പിന്നീട് പൃഥ്വിരാജുമായി നല്ല സൗഹൃദത്തിലായി...
വിദ്യാ ബാലൻ കസിനാണ്. എന്റെ മുത്തശ്ശനും വിദ്യയുടെ മുത്തശ്ശനും സഹോദരൻമാരായിരുന്നു. അതേസമയം വിദ്യയുമായി വലിയ സൗഹൃദമൊന്നും ഇല്ല..."പ്രിയാമണി പറഞ്ഞു.
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും താരം സംസാരിച്ചു. "എന്റെ അനുഭവത്തില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. സിനിമാ സംഘടനാ അമ്മയില്‍ അംഗമാണെങ്കിലും സംഘടനയുടെ യോഗങ്ങളിലൊന്നും കാണാത്തത് മറ്റൊന്നും കൊണ്ടല്ല.
എനിക്ക് മലയാളം വായിക്കാൻ അറിയില്ല. ഇടവേള ബാബു എനിക്ക് എന്തയച്ചാലും മലയാളത്തില്‍ ആയിരിക്കും. മാത്രവുമല്ല പ്രോഗ്രാമുകളുടെ ഡേറ്റിന് താൻ ഷൂട്ടിംഗ് തിരക്കുകളിലായിരിക്കും..."പ്രിയാമണി വ്യക്തമാക്കി.
ജവാനാണ് പ്രിയാമണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാൻ നായകനായെത്തിയ സിനിമയില്‍ ചെറുതെങ്കിലും ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്ക് ലഭിച്ചത്. ഫാമിലി മാൻ എന്ന സീരീസിന് ശേഷം പ്രിയാമണിക്ക് ബോളിവുഡില്‍ നിന്നും തുടരെ അവസരങ്ങള്‍ വരുന്നുണ്ട്. തെലുങ്കിലും കന്നഡയിലും നടി സജീവമാണ്.






