
ന്യുഡല്‍ഹി: നവംബര്‍ എട്ടിന് നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിനു ശേഷം ജന്‍ ധന് അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയിലേറെയായി. ഇതുവരെ 87,100 കോടി രൂപയാണ് ജന്‍ ധന് അക്കൗണ്ടുകളില്‍ എത്തിയത്.
നവംബര്‍ 30 വരെ 4.86 ലക്ഷം അക്കൗണ്ടുകളില്‍ 30,000 മുതല്‍ 50,000 രൂപ വരെ നിക്ഷേപിച്ചിട്ടുണ്ട്. 2,022 കോടി രൂപയാണ് ഇത്തരത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. നവംബര്‍ 10 മുതല്‍ 23 വരെ 48 ലക്ഷം ജന്‍ ധന് അക്കൗണ്ടുകള്‍ വഴി 41,523 കോടി രൂപ നിക്ഷേപിച്ചു. നവംബര്‍ ഒന്‍പതിന് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 45,637 കോടി ചേര്‍ത്ത് 87,100 കോടി രൂപയായി എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ജന്‍ ധന് അക്കൗണ്ടുകളിലെ നിക്ഷേപം പരിശോധിച്ചവരികയാണ്. ജന്‍ ധന് വഴി കള്ളപ്പണം നിക്ഷേപിച്ചുവെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.
നോട്ട് പിന്‍വലിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത്. 20,224 കോടി രൂപ. ജന്‍ ധന് അക്കൗണ്ടുകള്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ ഉപയോഗിക്കുവെന്ന് ബോധ്യപ്പെട്ടതോടെ 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വരുമെന്ന് വ്യക്തമാക്കിയിരുന്നു.






