
തൃശൂർ: കാർഷിക സർവ്വകലാശാലയിലെ ഭരണ വിഭാഗത്തിന് കാര്യമായ പണിയില്ലെന്ന് വൈസ് ചാൻസിലർ ബി അശോക്. സർവ്വകലാശാല രജിസ്ട്രാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിസിയുടെ വിവാദ പരാമർശം. സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി സർവകലാശാലയിലെ നിയമനങ്ങൾ വെട്ടിച്ചുരുക്കണമെന്നും വിസി പറഞ്ഞു.
ജീവനക്കാര്‍ക്കായുള്ള ഇ ഓഫീസ് രണ്ടാം ഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തെക്കുറിച്ച് വിസി പറഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സര്‍വ്വകലാശാലയെ കരകയറ്റാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ജീവനക്കാരെ കുറയ്ക്കുകയെന്ന് വൈസ് ചാന്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന ജോയിന്റ് രജിസ്ട്രാർ മുതൽ അസിസ്റ്റന്റ് വരെയുള്ള ഭരണ വിഭാഗം തസ്തികകളിൽ 400 പേരിൽനിന്ന് 100 പേരുടെ തസ്തികകൾ മാർച്ചിനുള്ളിൽ വെട്ടിച്ചുരുക്കാനാണ് വിസിയുടെ നിർദേശം. അതോടൊപ്പം പുതിയ നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കരുതെന്നും വിസി അറിയിച്ചു. അനാവശ്യ തസ്തികകൾ കണ്ടെത്താനും നിർത്തലാക്കാനും അതിന്റെ സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കാനുമായി കാലാവസ്ഥ പഠന വിഭാഗം പ്രൊഫസറിനെ ചുമതലപെടുത്തണമെന്നും വിസി ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് വിസിക്കെതിരെ പ്രതിഷേധവുമായി കെഎയു എംപ്ലോയ്സ് യൂനിയന്‍ രംഗത്തെത്തി. ഭരണപക്ഷത്തോട് ചോദിക്കാതെയുള്ള വിസിയുടെ ഏകാധിപത്യ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് സംഘടനകളുടെ നിലപാട്.






