
മലയാളത്തിന്റെ പ്രിയ നടനും ബഹുമുഖപ്രതിഭയുമായ നെടുമുടി വേണു വിടപറഞ്ഞിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. മലയാളികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയിട്ടാണ് താരം വിട പറഞ്ഞത്. നെടുമുടി വേണുവിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്ന സാഹിത്യകാരനും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മനസ്സ് നിറയ്ക്കുന്നത്. ഒരിക്കലും മരിക്കാത്ത സൗഹൃദമായിരുന്നു വേണുവുമായി ഉണ്ടായിരുന്നെതടക്കം നെടുമുടി വേണുവുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് താരം സംസാരിച്ചത്.
‘‘കോളജ് പഠനകാലത്താണ് വേണുവിനെ പരിചയപ്പെടുന്നത്. അന്ന് തന്റെ മുഷിഞ്ഞ വേഷം കണ്ട് പുതിയ ഷര്‍ട്ടും മുണ്ടും അദ്ദേഹം വാങ്ങിതന്നു. ഞാൻ കോളജില്‍ പഠിക്കുന്ന കാലത്ത് എറണാകുളത്ത് സാഹിത്യ പരിഷത്ത് സമ്മേളന വേദിയില്‍ ശങ്കരക്കുറുപ്പിനും കുഞ്ഞിരാമൻ നായര്‍ക്കും വൈലോപ്പിള്ളിക്കുമൊപ്പം കവിത ചൊല്ലി താഴെയിറങ്ങിയപ്പോള്‍ നീണ്ട മുടിയും താടിയുമുള്ള ചെറുപ്പക്കാരൻ അടുത്തു വന്നു. പത്രലേഖകനായ കെ. വേണുഗോപാല്‍ എന്നു സ്വയം പരിചയപ്പെടുത്തി. എന്റെ മുഷിഞ്ഞ വേഷം കണ്ട് വേണു പുതിയ ഷര്‍ട്ടും മുണ്ടും വാങ്ങിത്തന്നു, സ്വന്തം മുറിയില്‍ താമസിപ്പിച്ചു. വേണു മരിച്ച ശേഷം വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സുശീല എനിക്ക് ഒരു പാക്കറ്റ് തന്നിട്ടു പറഞ്ഞു, ഇത് വേണുച്ചേട്ടൻ അവസാനമായി വാങ്ങിച്ചതാണ്. ഉപയോഗിച്ചില്ല. ഇത് ബാലന് ഇരിക്കട്ടെ. ആ പാക്കറ്റില്‍ മൂന്ന് ഷര്‍ട്ടായിരുന്നു. എന്റെ കണ്ണുനിറഞ്ഞു. ഒരിക്കലും മരിക്കാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത്...’’ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.






