
കൊച്ചി: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു സ്വര്‍ണം നേടിക്കൊടുത്ത പി.ആര്. ശ്രീജേഷ് കേരളം വിടാനൊരുങ്ങുന്നു. തമിഴ്നാട്ടിലെ ഏതെങ്കിലും ക്ലബില്‍ അംഗമായി അവിടെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതാണു ആലോചനയില്‍. നിലവില്‍ കേരള സര്‍ക്കാരിന്റെ പൊതു ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് സ്പോര്‍ട്സ് ഓര്ഗൈനസറാണ്. മികച്ച കരിയറും നേട്ടങ്ങളും ലക്ഷ്യമിട്ടാണു ശ്രീജേഷ് കേരളം വിടാന്‍ ആലോചിക്കുന്നതെന്നാണു സൂചന. എന്നാല്‍, താരം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തമിഴ്നാട്ടില്‍ സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് പോലുള്ള ടീമുകളുടെ ഭാഗമാകാന്‍ അവസരമുണ്ട്. അതിനായി കേരളത്തിലെ ജോലി ഉപേക്ഷിക്കുകയോ ദീര്‍ഘഅവധി എടുക്കയോ വേണ്ടി വരും. ഏഷ്യന്‍ ഗെയിംസിലെ മിന്നുംപ്രകടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിനായി ആരും ബന്ധപ്പെടുകയുണ്ടായില്ലെന്നു ശ്രീജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
മെഡല്‍ നേടിയിട്ടു സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നുകാണാന്‍ വന്നില്ലെന്നായിരുന്നു ശ്രീജേഷിന്റെ പരാതി. കേരളത്തില്‍ തുടരെയുള്ള അവഗണനയുമാണു താരം കേരളം വിടാന്‍ ആലോചിക്കുന്നതിനു പിന്നിലുണ്ടെന്നാണു വിവരം.
തങ്ങളുടെ നാട്ടുകാരനായ ഏഷ്യന്‍ ഗെയിംസ് ഹോക്കി ടീമംഗത്തിനു ഒഡീഷ സര്‍ക്കാര്‍ 1.5 കോടി രൂപയാണു പാരിതോഷികമായി നല്‍കിയത്. ഹരിയാന സര്‍ക്കാര്‍ അവരുടെ താരത്തിനു 2.5 കോടിയും വാഗ്ദാനം നല്കി. കേരളം ഇതുവരെ ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിച്ചിട്ടുമില്ല.
തമിഴ്നാട്ടിലേക്ക് ശ്രീജേഷിനു ക്ഷണം ലഭിച്ചിട്ടു നാളുകളായി. കഠിനാധ്വാനം ചെയ്യുമെന്നതാണു ശ്രീജേഷിന്റെ പ്രത്യേകത. ടീം അംഗങ്ങള്‍ക്കു നല്ല മോട്ടിവേറ്ററുമാണ്. അതിനാല്‍, ശ്രീജേഷ് മുതല്‍കൂട്ടാകുമെന്നു ക്ലബ്ബുകള്‍ക്ക് ഉറപ്പുണ്ട്. കേന്ദ്ര സര്‍വീസില്‍ മികച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ഗെയിംസ് നേട്ടങ്ങള്‍ക്കു തമിഴ്നാട് സര്‍ക്കാരിന്റെയും വലിയ പാരിതോഷികങ്ങളും ലഭിക്കുമെന്നുറപ്പാണ്. സംസ്ഥാന മാറ്റം ശ്രീജേഷിന് നേട്ടമാകുമെന്നുറപ്പ്.
അതേസമയം, ഒളിമ്പിക്സ് മെഡല്‍ നേടിയ വേളയില്‍ രണ്ടു കോടി രൂപയും ജോലിയില്‍ സ്ഥാനക്കയറ്റവും പി.ആര്. ശ്രീജേഷിനു കേരള സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നാണു മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. കായിക മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ പാരിതോഷികം നല്കി വരാറുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.






