
തിരുവനന്തപുരം: കേരളം വിടുമെന്നു പ്രഖ്യാപിച്ച ഹോക്കി താരം പി.ആര്. ശ്രീജേഷിനും ബാഡ്മിന്റണ്‍ താരം എച്ച്. എസ് പ്രണോയിക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം നേടിയ ടീമിലെ മലയാളിതാരം ശ്രീജേഷിന് ഒളിമ്പിക്സ് മെഡല്‍ നേടിയ വേളയില്‍ 2 കോടി രൂപയും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കിയിരുന്നു. കായികവകുപ്പിന് കീഴിലെ ജി.വി. രാജ സ്പോട്സ് സ്കൂളിലൂടെയാണ് ശ്രീജേഷ് മികച്ച ഗോള്‍കീപ്പറായി മാറിയത്. തോമസ് കപ്പ് നേടിയ പ്രണോയിക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കായിക മേഖലയില്‍ എല്ലാ ഘട്ടങ്ങളിലും എല്ലാതരത്തിലുമുള്ള സഹായവും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. കായിക മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ കൃതമായി പാരിതോഷികം നല്‍കുന്നുണ്ട്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് 20, 15, 10 ലക്ഷം വീതം പാതിതോഷികം നല്‍കിയിരുന്നു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിലും സമ്മാനിച്ചിരുന്നു.
ഒപ്പം ചെസ് ഒളിമ്പ്യാഡില്‍ നേട്ടം െകെവരിച്ച നിഹാല്‍ സരിന് 10 ലക്ഷവും എസ്.എല്‍. നാരായണന് 5 ലക്ഷവും സമ്മാനിച്ചു. 2022 ല്‍ തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത അവസരത്തില്‍ എച്ച്.എസ്. പ്രണോയ്, എം.ആര് അര്ജുന് എന്നിവര്‍ക്ക് 5 ലക്ഷം രൂപ വീതം നല്കി. ജി.വി. രാജ പുരസ്കാരത്തിനും പ്രണോയിയെ തെരഞ്ഞെടുത്തിരുന്നു.
ഇതിനു പുറമെ, കായികതാരങ്ങള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കാനായി രണ്ടര വര്‍ഷത്തിനിടെ 40 ലക്ഷം അനുവദിച്ചു. കഴിഞ്ഞ ദേശീയ ഗെയിംസിന്റെ പരിശീലനാവശ്യങ്ങള്‍ക്ക് സ്പോട്സ് കൗണ്‍സില്‍ 5 കോടി അനുവദിച്ചിരുന്നു. ഇത്തവണ ദേശീയ ഗെയിംസിന് ഗോവയിലേക്ക് പോകുന്ന താരങ്ങളുടെ പരിശീലനത്തിനായി 4.27 കോടി ആദ്യഗഡുവായി അനുവദിച്ചു.
കായികതാരങ്ങള്‍ക്ക് ജോലി നല്കുന്ന കാര്യത്തില്‍ സര്‍വ്വകാല റെക്കോഡിട്ട സര്‍ക്കാരാണിത്. ഏഴു വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്പോട്സ് ക്വാട്ടയില്‍ സര്‍ക്കാര്‍ നിയമനം നല്കി. സ്പോട്സ് ക്വാട്ട നിയമനത്തിനുള്ള 2010-14 റാങ്ക് ലിസ്റ്റില്‍ നിന്നും 65 പേര്‍ക്ക് കൂടി നിയമനം നല്‍കിയിട്ടുണ്ട്. പോലീസില്‍ സ്പോട്സ് ക്വാട്ടയില്‍ 31 പേര്‍ക്കും നിയമനം നല്കി. 2015-19 കാലയളവിലെ സ്പോട്സ് ക്വാട്ട നിയമന നടപടികള്‍ പുരോഗമിച്ചു വരികയാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 5 വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ 249 പേര്‍ക്കാണ് നിയമനം ലഭിക്കുക. പ്രത്യേക പരിഗണനയില്‍ ഫുട്ബോള്‍ താരം സി.കെ. വിനീതിന് നേരത്തേ ജോലി നല്‍കിയിരുന്നു.
അതേസമയം, 110 പേര്‍ക്ക് മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. കേരളത്തില്‍ വര്‍ഷം തോറും 50 പേര്‍ക്ക് വീതം സ്പോട്സ് ക്വാട്ടയില്‍ നിര്‍ബന്ധമായും നിയമനം നല്കുന്നു. 2015 ലെ ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഴുവന്‍ താരങ്ങള്‍ക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിലെ മുഴുവന്‍ പേര്‍ക്കും നിയമനം നല്കി. ഇത്തരത്തില്‍ കായിക താരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്കി വരുന്നത്. തുടര്‍ന്നും അതുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






