
മരണപ്പെട്ടുപോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കാരണം ഇഹലോക വാസം വെടിയുന്ന എല്ലാ മനുഷ്യന്റെയും അവസാന ഓര്മ ഈ ചിതാഭസ്മമായിരിക്കും. മാതാപിതാക്കള്‍ മരിക്കുമ്പോള്‍ അവരുടെ മക്കള്‍ ആണ് ഒരു നിധി പോലെ ഇത് സൂക്ഷിക്കുന്നത്. എന്നാല്‍ ഇവിടെ ഇതാ ഒരു മകന് തന്റെ അമ്മയുടെ ചിതാഭസ്മം ഓണ്‍ലൈനായി വിറ്റിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും സംഭവം വാസ്തവമാണ്. അതുമാത്രമല്ല ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച ചിതാഭസ്മം ഒരു യുവതി വാങ്ങുകയും ചെയ്തു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.
അമ്മ മരിച്ചതിന് പിന്നാലെ അമ്മയുടെ ചിതാഭസ്മം രണ്ട് ചെറിയ കുപ്പികളിലാക്കി വില്ക്കാന് തീരുമാനിക്കുകയായിരുന്നു യുവാവ്. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലാണ് ചിതാഭസ്മം വില്ക്കാന് വച്ചത്. ഓരോന്നിനും ഏകദേശം 2400 രൂപയായിരുന്നു വില. ഇനി ഇത് ആരാണ് വാങ്ങാന്‍ തയ്യാറാവുക എന്നല്ലേ? ഇതില്‍ ഒരു കുപ്പി ഒരു യുവതി വാങ്ങിക്കഴിഞ്ഞു. ശവസംസ്കാര മേഖലയില്‍ ജോലി ചെയ്യുന്ന യുവതിയാണ് ഇത് വാങ്ങിയത്. ലോറന് എലിസ എന്നാണ് യുവതിയുടെ പേര്.
ടിക്ക്ടോക്കിലൂടെ നിരന്തരം മരണത്തെ കുറിച്ച് സംസാരിക്കുന്ന ആളാണ് ലോറന്. ലോറന് മരണത്തോട് വലിയ അഭിനിവേശവും ആണ്. പലരും തികച്ചും അപരിചിതയായ ഒരാളുടെ ചിതാഭസ്മം വാങ്ങിയതിന് വലിയ തരത്തില്‍ ലോറനെ വിമര്‍ശിച്ചു. എന്നാല്‍, യുഎസ്സില്‍ ചിതാഭസ്മം വാങ്ങുന്നത് നിയമവിരുദ്ധമല്ല, അങ്ങനെ വാങ്ങിയതില്‍ എന്താണ് തെറ്റ് എന്നായിരുന്നു ലോറന്റെ മറുചോദ്യം. അതുകൊണ്ടും തീര്‍ന്നില്ല, ചിതാഭസ്മം ലഭിച്ച ശേഷം അതിന്റെ അണ്‍ബോക്സിംഗ് വീഡിയോയും അവള് ചെയ്തു. 'ഒടുവില്‍ മുത്തശ്ശി ഇതാ എത്തിക്കഴിഞ്ഞു' എന്നായിരുന്നു അവള് പറഞ്ഞത്. 400 രൂപ അധികം കൊടുത്ത് ആ ചിതാഭസ്മത്തോടൊപ്പം അതിന്റെ 'ബാക്ക്സ്റ്റോറി' കൂടി ലോറന് സ്വന്തമാക്കിയിരുന്നു. വീഡിയോ കണ്ട് നിരവധി ആളുകളാണ് ലോറനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.






