
ആഴ്ചകളോളം തിരച്ചില്‍ നടത്തിയിട്ടും പിടികൊടുക്കാതെ മുങ്ങിയ പ്രതി ഒടുവില്‍ പോലീസിനെ വെല്ലുവിളിച്ച് രംഗത്ത്. യുകെയിലെ വില്റ്റ്ഷെയറിലാണ് സംഭവം. സമൂഹ മാധ്യമ അക്കൗണ്ടുവഴിയാണ് പ്രതി പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിച്ചോ എന്ന് പരസ്യമായി വെല്ലുവിളി നടത്തിയത്. ഒരു ആക്രമണ കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ലൂക്ക് മക്നെര്‍നി എന്ന കുറ്റവാളിയാണ് പോലീസിനെ പരസ്യമായി വെല്ലുവിളിച്ച് കുടുക്കിയത്.
സ്വിന്ഡന് ഏരിയയില്‍ നിന്നുള്ളയാളാണ് ഇയാള്‍ എന്നതൊഴിച്ചാല്‍ പ്രതിയുമായി ബന്ധപ്പെട്ട മറ്റൊരുവിവരവും പോലീസിന് ലഭിച്ചിട്ടില്ല. ഇതിനിടയില്‍ പോലീസ് പ്രതിയുടെ രേഖാചിത്രം പുറത്തു വിടുകയും ഇയാളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. ആഴ്ചകളായി പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെങ്കിലും ഇതുവരെയും യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ല.
എന്നാല്‍, ഫേസ്ബുക്ക് പേജില്‍ ലൂക്ക് മക്നെര്നിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വിന്‍ഡണ്‍ പൊലീസ് നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് താഴെ ഇപ്പോള്‍ സാക്ഷാല്‍ ലൂക്ക് മക്നെര്‍നി തന്നെ എത്തി പോലീസിനെ പരിഹസിച്ചുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുകയാണ്.
ലൂക്ക് എന്ന ഫെസ്ബുക്ക് ഐഡിയില്‍ നിന്നുമാണ് ഇയാള്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമന്റ് ഇങ്ങനെയായിരുന്നു 'നിങ്ങള്‍ ഒരു പ്രതിഫലം വാഗ്ദാനം ചെയ്താല്‍, ഞാന്‍ എവിടെയാണെന്ന് ഞാന്‍ നിങ്ങളോട് പറയും.' മറ്റൊരു കമന്റ് ഇങ്ങനെയാണ്: 'സ്വിന്ഡന് പോലീസ്, എന്നെ കാണിച്ചുതന്നാല്‍ നിങ്ങള്‍ എത്ര തുക നല്‍കും? നമുക്ക് ഒരു എഗ്രിമെന്റിലേക്ക് വരാം. ഈ അവധി ദിവസങ്ങള്‍ അല്‍പ്പം ചെലവേറിയതാണ്'. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു സെല്‍ഫി വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ പൊലീസിനെ പരിഹസിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്, 'ഞാന്‍ ഇവിടെയാണ്, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്നെ പിടിക്കൂ' എന്നാണ്. ഇതോടെ ഇയാളെ എങ്ങനെയും പിടിക്കണമെന്ന വാശിയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.






