
ഇന്റർനെറ്റുമായി ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ബന്ധിപ്പിച്ചിട്ടുളളതായി പുതിയ റിപ്പോർട്ട്. ഇവരിൽ ഏകദേശം 60 ശതമാനം- 4.8 ബില്യൺ വ്യക്തികൾ സോഷ്യൽ മീഡിയയുടെ സജീവ ഉപയോക്താക്കളാണ്. സോഷ്യൽ മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് നെഗറ്റീവ് അനുഭവങ്ങൾക്ക് കാരണമാകുമെന്നാണ് സൂചന.
നിരവധി പഠനങ്ങൾ സോഷ്യൽ മീഡിയയുടെ സജീവ ഉപയോഗവും വിഷാദരോഗസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നു. ഇന്ത്യയിലെ 50,000-ത്തോളം രക്ഷിതാക്കളുമായി നടത്തിയ അഭിമുഖങ്ങൾ ഉൾപ്പെടുന്ന സമീപകാല ദേശീയ സർവേയിൽ പറയുന്നത് ഒമ്പത് മുതൽ 17 വരെ പ്രായമുള്ള പത്തിൽ ആറുപേരും സോഷ്യൽ മീഡിയയിലോ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലോ പ്രതിദിനം മൂന്ന് മണിക്കൂറിലധികം ചെലവഴിക്കുന്നുവെന്നാണ്.
തങ്ങളുടെ കുട്ടികൾ ദിവസവും ആറ് മണിക്കൂറിലധികം ഓൺലൈനിലാണെന്ന് മഹാരാഷ്ട്രയിലെ 17 ശതമാനം രക്ഷിതാക്കളും പരാതിപ്പെടുന്നവരാണ്. സമാനമായ സംഖ്യയിൽ, ഇന്ത്യയിലുടനീളമുള്ള 22 ശതമാനം പേരും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലോ ഗെയിമിംഗിലോ സമയം ചിലവഴിച്ചതിന് ശേഷം തങ്ങളുടെ കുട്ടിക്ക് "സന്തോഷം" അനുഭവപ്പെടുന്നതായി 10 ശതമാനം രക്ഷിതാക്കൾ പറയുന്നു. പോസിറ്റീവിനെക്കാൾ കൂടുതൽ സോഷ്യൽ മീഡിയ നെഗറ്റീവ് ഇംപാക്ടുകൾ സൃഷ്ടിക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.
ദിവസേനയുള്ള മൂന്ന് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഇടപെടലുകൾ കുട്ടികളിൽ വിഷാദവും ഉത്കണ്ഠയും വർദ്ധിപ്പിക്കാനുള്ള സാധ്യതയുളളതായി യു.എസ്. സർജൻ ജനറൽ ഡോ. വിവേക് മൂർത്തിയുടെ 2022-ലെ റിപ്പോർട്ട് പറയുന്നു. മറ്റൊരു പഠനത്തിൽ, സോഷ്യൽ മീഡിയയുമായുള്ള ദീർഘകാല ഇടപഴകൽ, ആക്രമണം, അക്ഷമ, ഹൈപ്പർ ആക്ടിവിറ്റി, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും വെളിപ്പെടുത്തുന്നു.






