
പാലിയേറ്റീവ് നഴ്സുമാരുടെ വേതനം 18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കി വര്ധിപ്പിച്ചയായി മന്ത്രി എംബി രാജേഷ്. സമൂഹത്തില്‍ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.
സംസ്ഥാനത്ത് പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്കാന് തീരുമാനിച്ചത്. ഇതിലൂടെ കിടപ്പ് രോഗികള്‍ക്ക് മെച്ചപ്പെട്ട ശുശ്രൂഷയും പരിചരണവും ഉറപ്പാക്കാന്‍ നടപടി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം 'ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന് നല്കാവുന്ന വേതനമായാണ് വര്‍ധിപ്പിച്ചത്. തീരുമാനത്തിന് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ട്. പാലിയേറ്റീവ് നഴ്സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എന്‍/എഎന്‍എം പാസായവര്‍ക്കാകും ഈ വേതനം ലഭിക്കുക. നഴ്സുമാരുടെ ഫീല്‍ഡ് സര്‍വീസ് 20 ദിവസമെങ്കിലും രോഗികള്‍ക്ക് ലഭ്യമാക്കും.






