
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ ദില്‍ഷ പ്രസന്നനെ കൂടുതല്‍ സുപരിചിതയാക്കിയത് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയാണ്. മലയാളം ബിഗ് ബോസിന്റെ ആദ്യത്തെ ഫീമെയില്‍ വിന്നറായി മാറിയ ദില്‍ഷ പിന്നീടും നൃത്ത റിയാലിറ്റി ഷോകളില്‍ സജീവമായിരുന്നു. സീരിയലുകളിലൂടെ അഭിനേത്രിയായും തിളങ്ങിയ താരത്തിന്റെ ആദ്യ സിനിമയും റിലീസിന് കാത്തിരിക്കുകയാണ്. ബിഗ് ബോസിലെ നിറ സാന്നിധ്യമായിരുന്ന ദില്‍ഷയ്ക്ക് കയ്യടികള്‍ക്കൊപ്പം തന്നെ വിവാദങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ദില്‍ഷയുടെ ബിഗ് ബോസ് യാത്രയും തുടര്‍ന്നുള്ള കുറച്ച് കാലവും അങ്ങനെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബിഗ് ബോസ് താരം റംസാനൊപ്പമുള്ള ദില്‍ഷയുടെ ഡാന്‍സ് റീലുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. അതേസമയം ഇരുവരുടേയും ഡാന്‍സ് വീഡിയോകള്‍ വൈറലായി മാറുന്നതിനൊപ്പം തന്നെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ദില്‍ഷ.
‘‘ഞങ്ങളുടെ ഒരു ഡാന്‍സ് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ കാണുന്നത് വേറെ പാട്ടുകളില്‍ ആ ഡാന്‍സ് എഡിറ്റ് ചെയ്യുന്നതാണ്. യൂട്യൂബില്‍ നോക്കിയാല്‍ കാണുക റംസാന്റേയും ദില്‍ഷയുടേയും കല്യാണമായെന്നും അവിടെ പോയി ഇവിടെ പോയി എന്നാകും. ഞാനത് കാണുമ്പോള്‍ അവന് അയച്ചു കൊടുക്കും. അവന് കാണുന്നത് അവന് എനിക്കും അയച്ചു തരും. ഞങ്ങള്‍ രണ്ടു പേരും ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്യാറ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയുന്നൊരു കാര്യമുണ്ട്, എത്രപേരെയാണ് നമുക്ക് പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റുക. അത് നമ്മളെക്കൊണ്ട് പറ്റുന്ന കാര്യമല്ല. നമുക്ക് ചെയ്യാന്‍ പറ്റുന്നത് അവരവിടുന്ന് പറയട്ടെ, നമ്മള്‍ക്ക് ഇവിടെ നിന്ന് ഡാന്‍സ് കളിക്കാം എന്നത് മാത്രമാണ്....’’ ദില്‍ഷ പറയുന്നു.
ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. റംസാന് ദില്‍ഷ ഡാന്‍സ് കാണാന്‍ തന്നെ പ്രതേക ഭംഗി ആണ്, നിങ്ങളുടെ സൗഹൃദം എന്നും നില നില്ക്കട്ടെ, ഒരു ഓഫീസില്‍ ഒരേ ടീമില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരോട് ആരും ഇങ്ങനെ പറയില്ല. എന്റര്ടെയ്ന്മെന്റ് ലോകത്ത് വന്നാല്‍ കോ വര്‍ക്കര്‍ ആയിട്ട് കാണുന്ന ശീലം നാട്ടുകാര്‍ക്കില്ല. അവരെ കെട്ടിച്ചാലേ അടങ്ങൂ. മലയാള സിനിമയില്‍ മാത്രമല്ല സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ദില്‍ഷക്ക് വലിയ ഭാവിയുണ്ട്’ എന്നതടക്കമാണ് കമന്റുകള്‍.
മുന്‍പ് മറ്റൊരു അഭിമുഖത്തിലും തങ്ങളുടെ പ്രണയ വാര്‍ത്തകളോട് ദില്‍ഷ പ്രതികരിച്ചിരുന്നു. ‘‘അവന് ഇതൊക്കെ കോമഡിയാണ്. അവനിതൊന്നും കാര്യമായിട്ട് എടുക്കുന്നയാളല്ല. എനിക്ക് ചിലപ്പോള്‍ ചിരി വരും. ഞാന്‍ അപ്പോള്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് അവന് അയച്ചു കൊടുക്കും. ദില്‍ഷയും റംസാനും തമ്മില്‍ ഒമ്പത് മാസമായി പ്രണയത്തിലാണ് എന്നൊക്കെ കാണും. ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളു...’’ ദില്‍ഷ പറഞ്ഞു.






